തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസില്‍ നമ്പി നാരായണന് പിന്നാലെ മറിയം റഷീദയും സുഹൃത്ത് ഫൗസിയയും കോടതിയിൽ. മുൻ പൊലീസ് മേധാവി സിബി മാത്യൂസ്, കെ.കെ ജോഷ്വ എന്നിവര്‍ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇരുവരുടെയും ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
ജാമ്യപേക്ഷ ഹൈക്കോടതിയില്‍
കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട മുൻ സി.ഐ എസ് വിജയൻ, വഞ്ചിയൂർ എസ്.ഐ തമ്പി എസ് ദുർഗാദത്ത് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിന് ശേഷമേ ജില്ലാ കോടതി ജാമ്യാപേക്ഷ പരിഗണിക്കേണ്ടതുള്ളു എന്ന വാദം കൂടി പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
അതേസമയം മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ സിബി മാത്യൂസിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് തുടരും തിങ്കളാഴ്ച അവസാനിക്കും. മുൻ പൊലീസ് ഐ.ബി ഉദ്യോഗസ്ഥന്മാർ അടക്കം 18 പേരാണ് കേസിലെ പ്രതികൾ. ഗുഢാലോചന, കൃത്രിമ തെളിവുണ്ടാക്കൽ, കസ്റ്റഡി മർദനം, അപകീർത്തിപ്പെടുത്താൽ തുടങ്ങി പത്തു വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഐ.എസ്.ആര്‍.ഒ ചാരക്കേസ്
1994 ൽ കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ചാരക്കേസ് ആരോപണം നടക്കുന്നത്. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരായ നമ്പി നാരായണനും ശശിധരനും ചേര്‍ന്ന് മാലി സ്വദേശിനിയായ മറിയം റഷീദയും സുഹൃത്ത് ഫൗസിയയും വഴി ഇന്ത്യന്‍ റോക്കറ്റ് സാങ്കേതികവിദ്യ വിദേശ രാജ്യത്തിന് ചോര്‍ത്തി നല്‍കി എന്നായിരുന്നു ആരോപണം.