പത്തനംതിട്ട: കെ റെയില്‍ പാതയ്ക്കായി പത്തനതിട്ട ജില്ലയിലെ വിവിധയിടങ്ങളിലെ കല്ലിടല്‍ ഇന്ന് ആരംഭിക്കും. ആറന്‍മുളയ്ക്കടുത്തുള്ള നീര്‍വിളാകം, ആറാട്ടുപുഴ എന്നീ മേഖലയില്‍ നിന്നാരംഭിക്കുന്ന കല്ലിടല്‍ കടമ്പനാട്, പള്ളിക്കൽ, പന്തളം, ഇരവിപേരൂർ, കുന്നന്താനം, കവിയൂർ, കല്ലൂപ്പാറ, കോയിപ്രം എന്നീ വില്ലേജുകളിലൂടെ കടന്ന് പോകും. കൊല്ലം-പത്തനംതിട്ട അതിര്‍ത്തിയായ തെങ്ങമം മൂന്നാറ്റുകരയില്‍ നിന്നാണ് കെ റെയില്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നത്.
കെ റെയിലിനുവേണ്ടി ജില്ലയിലെ ഒൻപതു വില്ലേജുകളിലായി 44.7170 ഹെക്ടര്‍ സ്ഥലമാണ് ആവശ്യമായുള്ളത്. പദ്ധതിക്കായി ആയിരത്തോളം വീടുകളും കെട്ടിടങ്ങളും ആരാധനാലയങ്ങളും പൊളിക്കേണ്ടിവരുമെന്നാണ് പ്രാഥമികമായി നിഗമനം. ജനവാസ കേന്ദ്രങ്ങള്‍, വയലുകള്‍, ചതുപ്പുകള്‍, കൃഷിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലൂടെ പാത കടന്നു പോകുന്നുണ്ട്.
കെ റെയില്‍ പാതക്കായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഓരോ 50 മീറ്ററിലും കല്ലിടാനാണ് തീരുമാനം. എന്നാല്‍ മേഖലയില്‍ ഇത്തരം നാശനഷ്ട്ടങ്ങളുണ്ടാക്കുന്ന പദ്ധതിക്കായി നടത്തുന്ന കല്ലിടല്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളും പ്രതിപക്ഷ പാര്‍ട്ടികളും കെ റെയില്‍ വിരുദ്ധ സമര സമിതിയും പറയുന്നത്. കെ റെയില്‍ കടന്നുപോകുന്ന പള്ളിക്കലില്‍ കല്ലിടല്‍ തടയാന്‍ പ്രദേശവാസികള്‍ കൂട്ടായ്മ രൂപീകരിച്ചു.
എന്നാല്‍ കല്ലിടലിന് ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് ജില്ല ഭരണകൂടം ജില്ല പൊലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്.
also read: K RAIL PROTEST | പ്രതിഷേധം ശക്തം; സംസ്ഥാനത്ത് കെ - റെയില്‍ സര്‍വേ നടപടികള്‍ നിർത്തി വച്ചു