തിരുവനന്തപുരം: അലക്ക് കല്ലിൽ നിന്നും ജീവിതം താളം കണ്ടെത്തിയിരുന്ന ഒരു വലിയ വിഭാഗം മനുഷ്യർ. മറ്റുള്ളവരുടെ വസ്ത്രങ്ങൾ അലക്കിയും തേച്ചും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നവർ. അലക്കി തേച്ച വസ്ത്രങ്ങളുടെ വടിവും തെളിമയും ഇല്ലായിരുന്നെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ അവർ ജീവിക്കുന്നതിനിടെയാണ് കൊവിഡ് വില്ലനായത്. സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം തൊഴിലാളികളാണ് അലക്കും അതുമായി ബന്ധപ്പെട്ട മേഖലകളിലും ജോലി ചെയ്യുന്നത്. ആറു മാസത്തോളം പൂർണമായും തൊഴിൽ നിലച്ചു. അന്നന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അവർ ജീവിതം മുന്നോട്ട് കൊണ്ടു പോയിരുന്നത്. പലർക്കും സ്വന്തമായി വീടും ഇല്ല.
വീടുകളിലും ഫ്ലാറ്റുകളിലും പോയാണ് ഇവർ അലക്കാനുള്ള തുണികൾ ശേഖരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് പഴയതു പോലെ നടക്കുന്നില്ല. പലർക്കും തുണി നൽകാനും പേടിയാണ്. എന്നാൽ സ്ഥിരമായി ളള്ള ചിലരുടെ സഹായമാണ് ഇവരെ പിടിച്ചു നിർത്തുന്നത്. ക്ഷേത്രങ്ങളിൽ നിന്നുള്ള മുണ്ടുകളും മറ്റും അലക്കുന്ന ജോലികളും ഇവർ ചെയ്യുന്നുണ്ട്. എന്നാൽ അമ്പലങ്ങൾ അടച്ചതിനാൽ അതും ഇല്ല. മഹാലിംഗത്തെ പോലെയുള്ളവർ അതിനെ അശ്രയിച്ചാണ് ജീവിക്കുന്നത്. വീടുകളിൽ പോയി തുണികൾ തേച്ച് നൽകിയിരുന്നവർക്കും ഇപ്പോൾ പണിയില്ല. കൊവിഡ് ആയതിനാൽ വരേണ്ടന്നാണ് അവരോട് പലരും പറഞ്ഞിരിക്കുന്നത്.
കടകൾ ഇട്ട് തുണി തേച്ചു നൽകുന്നവരും ദുരിതത്തിലാണ്. ലോണ്ടറി കടകളും പ്രതിസന്ധിയിലാണ്. ഭൂരിഭാഗം കടകളും ആറ് മാസമായി അടച്ചിട്ടിരിക്കുകയാണ്. ഈ കടകളെ ആശ്രയിച്ചും നിരവധി പേരാണ് ജീവിക്കുന്നത്. വൻ തുക ലോൺ എടുത്താണ് ഇത്തരം കടകൾ തുടങ്ങിയത്. പണിയില്ലാതായതോടെ ലോൺ അടവ് മുടങ്ങി. മൊറട്ടോറിയം ഉണ്ടെങ്കിലും ലോൺ തിരിച്ചടവ് ആവശ്യപ്പെട്ട് ബാങ്കുകാരുടെ വിളികൊണ്ട് പൊറുതിമുട്ടിയെന്ന് ഇവര്‍ പറയുന്നു.