തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനു നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരാണ് ജലീലിനു നേരെ തിരുവനന്തപുരത്ത് കരിങ്കൊടി പ്രതിഷേധം നടത്തിയത്. സര്‍വ്വകലാശാലകളിലെ മാര്‍ക്ക് ദാനത്തില്‍ ചട്ടവിരുദ്ധമായി ഇടപെട്ട കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ഔദ്യോഗികവസതിയില്‍ നിന്നും സെക്രട്ടേറിയറ്റില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ എല്‍.എം.എസ് ജംഗ്ഷനില്‍ വച്ചാണ് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. കുറച്ചു സമയം പ്രതിഷേധക്കാര്‍ മന്ത്രിയുടെ വാഹനത്തെ തടഞ്ഞിട്ടു. പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെ തുടര്‍ന്ന് മന്ത്രി കെ.ടി. ജലീലിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.