തിരുവനന്തപുരം : സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച കെ.എസ്.ആര്‍.ടി.സി സ്വിഫ്‌റ്റ് സര്‍വീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സി.പി.എമ്മിന്‍റെ തൊഴിലാളി സംഘടനയായ സിഐടിയു. കെ.എസ്.ആര്‍.ടി.സി.യില്‍ ശമ്പള വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 28ന് സൂചനാ പണിമുടക്ക് നടത്താനും ഇടത് സംഘടനകൾ തീരുമാനിച്ചു.
കെ.എസ്.ആര്‍.ടി.സി.യിലെ ആയിരക്കണക്കിന് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടാണ് പുതിയ കമ്പനി രൂപീകരിച്ച് നിയമനം നടത്തിയതെന്ന് സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ ആരോപിച്ചു. പിരിച്ചുവിട്ടവര്‍ക്ക് ജോലി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല.
പുതുതായി കളറടിച്ച് ഓടുന്ന വാഹനങ്ങളില്‍ ആളില്ല. മാനേജ്‌മെന്‍റിന്‍റെ ഇത്തരം ഏകാധിപത്യ നടപടികള്‍ അംഗീകരിക്കില്ലെന്നും ആനത്തലവട്ടം പറഞ്ഞു. വിഷുവിന് മുന്‍പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരണമടക്കമുള്ള നടപടികളിലേക്ക് പോകുമെന്ന് എ.ഐ.ടി.യു.സി അറിയിച്ചു. ബി.എം.എസും പണിമുടക്കില്‍ പങ്കെടുക്കും.
മന്ത്രിയുടെ മറുപടിയില്‍ തൃപ്‌തിയില്ല. ജോലി ചെയ്‌താല്‍ ശമ്പളം കിട്ടിയേ പറ്റൂ. അപക്വമായി ഉദ്യോഗസ്ഥര്‍ സര്‍വീസും ഷെഡ്യൂളും തീരുമാനിക്കുകയാണെന്നും ആനത്തലവട്ടം ആരോപിച്ചു. ഏപ്രില്‍ 14 മുതല്‍ കെ.എസ്.ആര്‍.ടി.സി യൂണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫീസ് പടിക്കലും ധര്‍ണ സംഘടിപ്പിക്കാനും സിഐടിയു തീരുമാനിച്ചു.