തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ദീർഘദൂര ബസുകൾ ഓടിക്കാൻ ഡ്രൈവർമാർ ഇല്ലാതായതോടെ സർവീസുകൾ പ്രതിസന്ധിയിൽ. രണ്ടാഴ്ചയായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ദീർഘദൂര സർവീസുകൾ മുടങ്ങുന്നത് പതിവായി. ഇതോടെ ഒരു കാരണവശാലും സൂപ്പർഫാസ്റ്റ് സർവീസുകൾ മുടങ്ങരുത് എന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ തിങ്കളാഴ്ച ഓപ്പറേഷൻസ് സർക്കുലർ ഇറക്കിയിരുന്നു. ഷെഡ്യൂളുകൾ മുടങ്ങാതിരിക്കാൻ യൂണിറ്റ് ഓഫീസർമാർ കർശനമായി ഇടപെടണം. മറ്റു ഷെഡ്യൂളുകളെക്കാൾ മുൻഗണന സൂപ്പർഫാസ്റ്റ് സർവീസുകൾക്ക് നൽകണമെന്നും സർക്കുലറിൽ പറയുന്നു.
എന്നാൽ ഈ നിർദ്ദേശം സംസ്ഥാനത്തെ ഒരു ഡിപ്പോയിൽ പോലും പാലിക്കപ്പെട്ടില്ല. ഓർഡിനറി- ലോക്കൽ സർവീസുകൾക്കും, ഫാസ്റ്റ് - സൂപ്പർഫാസ്റ്റ് സർവീസുകൾക്കും ഒരേ ഡ്യൂട്ടി സമ്പ്രദായം ആയതിനാൽ ഡ്രൈവർമാർ ഓർഡിനറി സർവീസുകളിൽ താൽപര്യം പ്രകടിപ്പിക്കുന്നതാണ് ദീർഘദൂര സർവീസുകൾ മുടങ്ങുന്നതിനു കാരണം. യൂണിയനുകളുടെ ഇടപെടലുകൾ ദീർഘദൂര സർവീസുകളിൽ നിന്നും ഡ്രൈവർമാരെ പിന്നോട്ട് വലിക്കുന്നതിന് കാരണമാകുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. മുൻ എം ഡി ടോമിൻ ജെ തച്ചങ്കരി കൊണ്ടുവന്ന സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ചില ഉദ്യോഗസ്ഥർ അട്ടിമറിച്ചതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും ആക്ഷേപമുണ്ട്.
അതേസമയം സർവീസുകൾ മുടങ്ങുന്നത് പതിവായതോടെ ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ സിഎസ് സതീഷ് കുമാറിനെ സ്ഥലംമാറ്റി. ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിന്നെന്നും ഡ്രൈവർമാരെ നിയോഗിച്ചതിൽ വീഴ്ച സംഭവിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ് സ്ഥലം മാറ്റം. എന്നാൽ യൂണിയനുകളുടെ ഇടപെടലാണ് സതീഷ് കുമാറിന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ എന്ന് ഉദ്യോഗസ്ഥർക്കിടയിൽ തന്നെ സംസാരമുണ്ട്. ഷെഡ്യൂളുകൾ താളം തെറ്റിക്കാൻ ഇത്തരത്തിൽ സതീഷ് കുമാറിനെ നേരത്തെയും സ്ഥലം മാറ്റിയിട്ടുണ്ടെന്നും കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പരക്കുന്നുണ്ട്.