തിരുവനന്തപുരം : കെഎസ്‌ആർടിസിയിലെ ശമ്പള കുടിശ്ശിക വിതരണം ഇന്ന്(06.09.2022). ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശിക വിതരണമാണ് ഇന്ന് ആരംഭിക്കുന്നത്. മുഴുവൻ പേർക്കും ശമ്പളം നൽകാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്‍റ്.
ഓണത്തിന് മുമ്പ് ശമ്പള കുടിശ്ശിക നൽകുമെന്ന് യൂണിയൻ നേതാക്കളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. പണം ജീവനക്കാർക്ക് ലഭിക്കുന്ന രീതിയിൽ നടപടിയെടുക്കാൻ ധനവകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കെഎസ്‌ആർടിസിയിലെ ശമ്പള കുടിശ്ശിക പൂർത്തിയാക്കാൻ സർക്കാരിനോട് 207 കോടി രൂപയാണ് മാനേജ്‌മെന്‍റ് ആവശ്യപ്പെട്ടത്.
Read more: കെഎസ്‌ആർടിസി ശമ്പള പ്രതിസന്ധി : ജൂലൈ മാസത്തെ ശമ്പളത്തിന്‍റെ 75 ശതമാനം വിതരണം ചെയ്‌തു
ജൂലൈ മാസത്തെ ശമ്പള വിതരണം പൂർത്തിയാക്കാൻ 20 കോടി രൂപ, ഓഗസ്റ്റിലെ ശമ്പളം നൽകാൻ 80 കോടി, ഓണം ഉത്സവബത്ത നൽകാൻ 57 കോടി, ഓവർ ഡ്രാഫ്റ്റ് തിരിച്ചടവിന് 50 കോടി എന്നിങ്ങനെ വക തിരിച്ചാണ് പണം ആവശ്യപ്പെട്ടത്. കെഎസ്‌ആർടിസിക്ക് സ്വന്തം നിലയ്‌ക്ക് എത്ര തുക സമാഹരിക്കാനാകുമെന്ന് ധനവകുപ്പ് ആരാഞ്ഞിട്ടുണ്ട്.
പണം അനുവദിക്കുന്ന നടപടി ക്രമങ്ങൾക്ക് കൂടുതൽ സമയം എടുത്താൽ ഉത്രാടത്തിനാകും ബാക്കി ശമ്പള വിതരണം പൂർത്തിയാകുക.