തിരുവനന്തപുരം: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് അണികളെ സജ്ജമാക്കാന്‍ തുടര്‍ പഠന ക്ലാസുമായി കെപിസിസി. ഇതിനുള്ള സിലബസ് തയ്യാറാക്കുന്ന തിരക്കിലാണ് ഈയിടെ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ ചെറിയാന്‍ ഫിലിപ്പ്. ചെറിയാന്‍ ഫിലിപ്പ് ഡയറക്‌ടറായ കോണ്‍ഗ്രസ് രാഷ്‌ട്രീയ പഠന കേന്ദ്രം കെപിസിസി നേതൃത്വവുമായി ആലോചിച്ച് സിലബസ് നിശ്ചയിക്കുന്നതിലേക്ക് കടന്നുകഴിഞ്ഞു.
കെപിസിസി തലത്തിലുള്ള നേതാക്കളുമായും പ്രമുഖരായ പ്രൊഫഷണലുകളുമായും കൂടിയാലോചിച്ചാണ് ചെറിയാന്‍ ഫിലിപ്പ് സിലബസ് തയ്യാറാക്കുന്നതിലേക്ക് കടന്നത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരുള്‍പ്പെടുന്ന കെപിസിസിയുടെ മുന്‍നിര പ്രത്യേകം സിലബസാണ് തയ്യാറാക്കുന്നത്. ഡിസിസി, ബ്ലോക്ക്, മണ്ഡലം തലങ്ങളിലേക്ക് വെവ്വേറെ സിലബസുകളായിരിക്കും.
പാര്‍ട്ടി പുനഃസംഘടനയ്‌ക്ക് ശേഷം ക്ലാസുകള്‍: കോണ്‍ഗ്രസിന്‍റെ ചരിത്രം, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇന്ത്യയില്‍ നടപ്പാക്കിയ വിപ്ലവകരമായ പദ്ധതികള്‍ എന്നിവ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഇന്‍റര്‍നെറ്റ്, ഫേസ്‌ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ ആധുനിക സാമൂഹിക മാധ്യമങ്ങളില്‍ പരിശീലനം നല്‍കുന്നതടക്കമുള്ള വിഷയങ്ങള്‍ സിലബസില്‍ ഇടം പിടിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ തുടര്‍ പരിശീലന പരിപാടി തുടരും.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ സംസ്ഥാന രാഷ്‌ട്രീയം വിഷയമാക്കിയുള്ള പുതിയ സിലബസ് തയ്യാറാക്കി നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കും കോണ്‍ഗ്രസ് കടക്കും. കെപിസിസി തലത്തിലുള്ള നേതാക്കള്‍ മുതല്‍ വിഷയ വിദഗ്‌ധരെ വരെ പഠന ക്ലാസില്‍ അധ്യാപകരാക്കാനാണ് ആലോചന. സെപ്‌റ്റംബറില്‍ പാര്‍ട്ടി പുനഃസംഘടന പൂര്‍ത്തിയായാല്‍ ഉടന്‍ തുടര്‍ പഠന ക്ലാസുകളിലേക്ക് കോണ്‍ഗ്രസ് കടക്കും.
തുടര്‍ പരിശീലനം ഇതാദ്യമായി: കോഴിക്കോട് സമാപിച്ച നവ സങ്കല്‍പ്പ ചിന്തന്‍ ശിബിറിലെ തീരുമാന പ്രകാരമാണ് അണികള്‍ക്ക് രാഷ്‌ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ പാര്‍ട്ടി ക്ലാസുകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. 107 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള ചിട്ടയായ തുടര്‍ പരിശീലനം ഇതാദ്യമാണ്. ഒരു കാലത്ത് പാര്‍ട്ടിയുടെ സൈദ്ധാന്തിക മുഖമായി അറിയപ്പെട്ടിരുന്ന ചെറിയാന്‍ ഫിലിപ്പിനെ തന്നെ കോണ്‍ഗ്രസ് പഠനത്തിന്‍റെ ചുമതലയേല്‍പ്പിക്കുന്നതും ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്‍റെ പ്രാഗത്ഭ്യം കണക്കിലെടുത്താണ്.
2001ല്‍ അര്‍ഹമായ നിയമസഭ സീറ്റ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയില്ലെന്ന് പറഞ്ഞ് നേതൃത്വത്തോട് കലഹിച്ചാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടത്. അതേ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഇടത് പിന്തുണയുള്ള സ്വതന്ത്രനായി ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച ചെറിയാന്‍ പിന്നാലെ സിപിഎം സഹയാത്രികനായി. സിപിഎമ്മില്‍ പിണറായിയുമായി ഏറെ അടുപ്പം പുലര്‍ത്തിയെങ്കിലും രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പിണറായിയുമായി പിണങ്ങി കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു.
Also read: ചിന്തൻ ശിബിരം നല്‍കിയ 'ചിന്തകളില്‍' നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുമോ കോണ്‍ഗ്രസ്