തിരുവനന്തപുരം: ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് അനുശോചനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കാതോലിക്കാ ബാവയുടെ വേര്‍പാടിലൂടെ വിശ്വാസത്തിനും വിശ്വാസികള്‍ക്കും വേണ്ടി നിലകൊണ്ട ആത്മീയ ആചാര്യനെയാണ് കേരളത്തിന് നഷ്‌ടമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
മതനിരപേക്ഷതയുടെ വക്താവായിരുന്ന ബാവ ആലംബഹീനരേയും പാവപ്പെട്ടവരെയും സംരക്ഷിയ്ക്കുകയും അവര്‍ക്കുവേണ്ടി കാരുണ്യ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്‌ത മനുഷ്യസ്‌നേഹിയായിരുന്നു. നാട്യങ്ങളില്ലാത്ത ലളിതമായ ജീവിതശൈലി ആയിരുന്നു അദ്ദേഹത്തിന്‍റേത്.
Read more: പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്‌തു
ഇടവക ഭരണത്തില്‍ സ്‌ത്രീകള്‍ക്ക് പ്രാധിനിധ്യം നല്‍കി സമത്വം എന്ന ആശയം നടപ്പാക്കി എന്നതാണ് കാതോലിക്കാ ബാവയുടെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രധാനം. അദ്ദേഹത്തിന്‍റെ ദേഹ വിയോഗത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം അനുശോചനം രേഖപ്പെടുത്തുന്നതായും സുധാകരന്‍ അറിയിച്ചു.
ആത്മീയ ജീവിതത്തിന്‍റെ മാതൃകയായി നിലകൊണ്ട വ്യക്തിയാണ് ബാവയെന്ന് രമേശ് ചെന്നിത്തല അനുശോചിച്ചു. സഭാവിശ്വാസികളെ മുന്നോട്ടു നയിക്കുന്നതില്‍ പരമാധ്യക്ഷനെന്ന നിലയില്‍ പ്രശംസാര്‍ഹമായ നേതൃത്വമാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്.
പാവപ്പെട്ടവരുടെയും നിരാശ്രയരുടെയും അത്താണിയായിരുന്നു തിരുമേനി. ആത്മീയനേതാവായിരിക്കുമ്പോഴും മതേതരത്വത്തിന് വേണ്ടി അദ്ദേഹം നിലകൊണ്ടു. തിരുമേനിയുടെ വേര്‍പാട് സഭയ്ക്ക് മാത്രമല്ല, പൊതുസമൂഹത്തിനും വലിയ നഷ്‌ടമാണെന്ന് രമേശ് ചെന്നിത്തല അനുശോചിച്ചു.