തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് സിറോപ്രിവെലന്‍സ് പഠനം നടത്താന്‍ ആരോഗ്യവുപ്പ്. വാക്‌സിനേഷനിലൂടെയും രോഗം വന്നും എത്ര പേര്‍ക്ക് കൊവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞെന്ന് കണ്ടെത്തുന്നതിനായാണ് പരിശോധന.
കൂടാതെ ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും പഠനം സഹായിക്കും. ഇതിലൂടെ കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം.
മുന്‍ പഠനങ്ങളില്‍ മികച്ച സ്‌കോര്‍
ദേശീയ തലത്തില്‍ 4 പ്രാവശ്യം സിറോ സര്‍വയലന്‍സ് പഠനം നടത്തിയിരുന്നു. അപ്പോഴെല്ലാം രാജ്യത്തെ ഏറ്റവും മികച്ച സ്‌കോറിലായിരുന്നു കേരളം.
അവസാനമായി ഐസിഎംആര്‍ നടത്തിയ സിറോ സര്‍വയലന്‍സ് പഠനത്തില്‍ കേരളത്തില്‍ 42.07 ശതമാനം പേര്‍ക്കാണ് ആര്‍ജിത പ്രതിരോധ ശേഷി കണ്ടെത്താന്‍ സാധിച്ചത്.
ഈ പഠനത്തിലൂടെ സംസ്ഥാനങ്ങളുടെ ജനസംഖ്യയില്‍ രോഗം വന്ന ആളുകളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്.
അതിനുശേഷം വാക്‌സിനേഷനില്‍ സംസ്ഥാനം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനം നടത്തുന്ന സിറോ പ്രിവെലന്‍സ് പഠനത്തിന് ഏറെ പ്രാധാന്യമുണ്ട്.
നടത്തുന്നത് ആന്‍റിബോഡി പരിശോധന
സിറോ പ്രിവെലന്‍സ് പഠനത്തിനായി ആന്‍റിബോഡി പരിശോധനയാണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിന്‍ ജി ആന്‍റിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സര്‍വേയിലൂടെ ചെയ്യുന്നത്.
കൊവിഡ് വന്ന് പോയവരില്‍ ഐജിജി പോസിറ്റീവായിരിക്കും. ഇവരെ സിറോ പോസിറ്റീവ് എന്നാണ് പറയുക.
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, 5 വയസിനും 17 വയസിനും ഇടയ്ക്കുള്ള കുട്ടികള്‍, 18 വയസിന് മുകളിലുള്ള ആദിവാസികള്‍, തീരദേശത്തുള്ളവര്‍, നഗരങ്ങളിലെ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരിലാണ് പരിശോധന നടത്തുന്നത്.
ഈ പഠനത്തിലൂടെ വിവിധ ജന വിഭാഗങ്ങളുടെയും വാക്‌സിന്‍ എടുത്തവരുടേയും സിറോ പോസിറ്റിവിറ്റി കണക്കാക്കാന്‍ സാധിക്കും.
കൂടാതെ രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതം കണക്കാക്കാനും സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം.
Read more: സംസ്ഥാനത്ത് പുതിയ കൊവിഡ് പരിശോധനാരീതി പുറത്തിറക്കി ആരോഗ്യ വകുപ്പ്