തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും മദ്യവിൽപ്പനയിൽ റെക്കോർഡുമായി ബിവറേജസ് കോർപ്പറേഷൻ. ഉത്രാട ദിനത്തിൽ ഏറ്റവും കൂടുതൽ മദ്യവിറ്റത് തിരുവനന്തപുരം ജില്ലയിലെ പവർഹൗസ് റോഡിലുള്ള ഔട്ട്‌ലറ്റിൽ നിന്നാണ്. 1.04 കോടിയുടെ വില്പനയാണ് ഇവിടെ നടന്നത്. ഇരിങ്ങാലക്കുടയാണ് രണ്ടാം സ്ഥാനത്ത്. 96 ലക്ഷത്തിന്‍റെ മദ്യമാണ് ഇവിടെ വിറ്റത്.
ബിവറേജസ് കോർപ്പറേഷന്‍റെ 206 ഔട്ട്‌ലെറ്റുകൾ വഴിയായിരുന്നു ഇക്കുറി മദ്യം വിറ്റത്. മൂന്നു നഗരങ്ങളിലെ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഓൺലൈനായും മദ്യം ബുക്ക് ചെയ്‌തു വാങ്ങാൻ കഴിഞ്ഞിരുന്നു. പത്ത് ലക്ഷത്തിന്‍റെ മദ്യമാണ് ഓൺലൈൻവഴി വിറ്റുപോയത്.
ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് ബെവ്‌കോയിലും ബാറിലുമായി 105 കോടിയോളം രൂപയുടെ മദ്യം വിറ്റിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. കൊവിഡ് വാക്‌സിന്‍ സർട്ടിഫിക്കറ്റുമായി എത്തുന്നവർക്ക് ആയിരുന്നു മദ്യം നൽകിയിരുന്നത്.
നിയന്ത്രണങ്ങൾക്കിടെ സ്വീകരിച്ച സുരക്ഷ മുൻകരുതലുകളാണ് കച്ചവടം വർധിപ്പിക്കാൻ ഇടയാക്കിയതെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്‌ത പറഞ്ഞു. ഓണവിപണി ലക്ഷ്യമിട്ട് 181 കൗണ്ടറുകൾ അധികമായി ബിവറേജസ് കോർപ്പറേഷൻ തുറന്നിരുന്നു.