തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാകും ശക്തമായ മഴ ലഭിക്കുക.
വെള്ളിയാഴ്‌ച ഒറ്റപ്പെട്ട ശക്തമായ മഴക്ക് (Heavy Rain) സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD) മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ശനിയാഴ്‌ച മുതൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിൻ്റെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുക. കേരള തീരപ്രദേശങ്ങളിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
READ MORE: Landslide: കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍; കൊല്ലത്ത് വെള്ളപ്പൊക്കം