തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ജനുവരി 29ന് രാവിലെ 8 മണി മുതൽ 3 മണിക്കൂർ സൂചന പണിമുടക്ക് നടത്തും. 2016 മുതലുള്ള ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. സൂചന പണിമുടക്കിൽ ഒപികളും, ഇലെക്റ്റിവ് ശസ്ത്രക്രിയകളും, അധ്യാപനവും നടത്തില്ല. എന്നാൽ കൊവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐസിയു, ലേബർ റൂം, അത്യാഹിത വിഭാഗം, വാർഡ് സേവനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളജ് ഡോക്ടർമാർ എല്ലാ നോൺ കൊവിഡ് മീറ്റിങ്ങുകൾ, ബോർഡ് മീറ്റിംഗുകൾ, അക്കാഡമിക് ഡ്യൂട്ടികൾ, വിഐപി ഡ്യൂട്ടികൾ, പേ വാർഡ് അഡ്മിഷൻ എന്നിവ ബഹിഷ്കരിക്കും. ഫെബ്രുവരി 5ന് എല്ലാ മെഡിക്കൽ കോളജുകളിലും 24 മണിക്കൂർ റിലേ നിരാഹാര സമരവും നടത്തും. ശേഷം ഫെബ്രുവരി ഒമ്പത് മുതൽ അനിശ്ചിതകാല സമരം നടത്താനും തീരുമാനമായി.