തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ലിംഗമാറ്റ ശസ്‌ത്രക്രിയകള്‍ പഠിക്കുന്നതിന് വിദഗ്‌ധ സമിതി. ലിംഗമാറ്റ ശസ്‌ത്രക്രിയയും അനുബന്ധമായ ആരോഗ്യ സേവനങ്ങളും സംബന്ധിച്ച കാര്യങ്ങളാണ് സമിതി പരിശോധിക്കുക.
ട്രാന്‍സ്‌ജന്‍ഡര്‍ സമൂഹത്തിന് ഏറ്റവും അനുകൂലമായ രീതിയില്‍ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും വിദഗ്‌ധ സമിതി പരിശോധിക്കും. ഇതിനായി ഒരു പൊതുമാനദണ്ഡം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമം.
സര്‍ക്കാര്‍ ആശുപത്രിയിലും ശസ്‌ത്രക്രിയ
നിലവില്‍ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുഖേനയാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടന്നു വരുന്നത്. ഇതില്‍ ചികിത്സ രീതികള്‍, ചികിത്സ ചിലവ്, തുടര്‍ചികിത്സ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഒരു ഏകീകൃത മാനദണ്ഡം ഉണ്ടാക്കും. സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം ശസ്‌ത്രക്രിയകളില്‍ പ്രാവീണ്യമുള്ള ഡോക്‌ടര്‍മാര്‍ക്ക് വിദഗ്‌ധ പരിശീലനം നല്‍കി ശസ്‌ത്രക്രിയകള്‍ നടത്തുന്നത് സംബന്ധിച്ചും പരിശോധിക്കും.
ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. അനന്യ കുമാരി അലക്‌സിന്‍റെ മരണത്തെ തുടര്‍ന്നാണ് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗം വിളിച്ചത്.
ആരോഗ്യ ഇന്‍ഷുറൻസ് പദ്ധതി
ശാരീരികമായും മാനസികമായും സാമൂഹികമായും കൂടുതല്‍ കരുതല്‍ വേണ്ട വിഭാഗം എന്ന നിലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ചും, സര്‍ക്കാരിന്‍റെ ഭവന പദ്ധതിയില്‍ മുന്‍ഗണന വിഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചും പരിശോധിക്കുന്നതിന് സാമൂഹ്യനീതി ഡയറക്‌ടറെ യോഗം ചുമതലപ്പെടുത്തി.
Also read: അനന്യയുടെ തൂങ്ങിമരണം; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി സാമൂഹ്യനീതി വകുപ്പ്