തിരുവനന്തപുരം: ജിഎസ്‌ടി വെട്ടിപ്പ് തടയുന്നതിനായി മൊബൈൽ ആപ്പുമായി സംസ്ഥാന സര്‍ക്കാർ. 'ലക്കി ബിൽ സ്‌കീം' എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്പിലൂടെ യഥാര്‍ഥ ബില്ലുകള്‍ അപ്‌ലോഡ് ചെയ്യാനും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നേടാനും കഴിയും. ഓഗസ്റ്റ് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ മൊബൈൽ ആപ്പ് ഉദ്‌ഘാടനം ചെയ്യും.
ആപ്പിലൂടെ പൊതുജനങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടേയും സേവനങ്ങളുേടയും ബില്ലുകൾ നേരിട്ട് സംസ്ഥാന ജിഎസ്‌ടി വകുപ്പിന് ലഭിക്കും. ബില്ല് ചോദിച്ച് വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനൊപ്പം ബില്ല് നല്‍കാന്‍ വ്യാപാരികളെ നിര്‍ബന്ധിതരാക്കുകയും ഇതിലൂടെ സംസ്ഥാനത്തിന്‍റെ നികുതി പിരിവില്‍ വര്‍ധനവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന ബില്ലുകള്‍ക്ക് നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങളും ബംബര്‍ സമ്മാനമായി 25 ലക്ഷം രൂപയും നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും www.keralataxes.gov.in ല്‍ നിന്നും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാണ് രജിസ്റ്റർ ചെയ്‌ത ശേഷം ബില്ലുകളുടെ ഫോട്ടോ എടുത്ത് ആപ്പില്‍ ബില്ല് അപ്‌ലോഡ് ചെയ്യാം.
ജനങ്ങള്‍ അപ്‌ലോഡ് ചെയ്‌ത ബില്ലുകളുടെ സഹായത്തോടെ നികുതി റിട്ടേൺ ഫയലിങുകളുടെ സ്ഥിതി എന്താണെന്ന് സംസ്ഥാന ജിഎസ്‌ടി വകുപ്പിന് പരിശോധിക്കാനാകും. ലക്കി ബിൽ ആപ്പിനായി ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു.