തിരുവനന്തപുരം : ശബരിമല പ്രക്ഷോഭം, പൗരത്വ നിയമ ദേദഗതിക്കെതിരായ പ്രതിഷേധം എന്നിവയിൽ രജിസ്റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കാത്തതിനെതിരെ പ്രതിപക്ഷം. വിഷയത്തില്‍ വേഗത്തിൽ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി.
ശബരിമല പ്രക്ഷോഭം, പൗരത്വ നിയമ ദേദഗതിക്കെതിരായ പ്രതിഷേധം എന്നിവയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത ഗുരുതര അക്രമസംഭവങ്ങൾ നടന്നത് ഒഴികെയുള്ള കേസുകൾ പിൻവലിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം വിഷയം നിയമസഭയിൽ ഉന്നയിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് സബ്‌മിഷനായി ഇക്കാര്യം ഉന്നയിച്ചത്.
വിഷയം അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ്
പൗരത്വ നിയമ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 836 കേസുകൾ രജിസ്റ്റർ ചെയ്‌തു. അതിൽ 13 എണ്ണം മാത്രമാണ് പിൻവലിച്ചതെന്നും ശബരിമല പ്രക്ഷോഭത്തിൽ രജിസ്റ്റർ ചെയ്‌ത 2,636 കേസിൽ ഒരു കേസും പിൻവലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗുരുതര അക്രമസ്വഭാവം ഇല്ലാത്ത കേസ് പിൻവലിക്കുമെന്ന മന്ത്രിസഭാതീരുമാനം നടപ്പിലാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് സർക്കാർ തത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നതിന് തുടര്‍നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കേസുകളുടെ തല്‍സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി, ബന്ധപ്പെട്ട ജില്ല കലക്‌ടര്‍മാര്‍, ജില്ല പൊലീസ് മേധാവികള്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വേഗത്തില്‍ തീരുമാനമെന്ന് മുഖ്യമന്ത്രി
കേസുകളുടെ നിലവിലുള്ള സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഐജിയും സ്‌പെഷ്യല്‍ സെല്‍, എസ്‌സിആര്‍ബി വിഭാഗങ്ങളുടെ പൊലീസ് സൂപ്രണ്ടുമാരും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിക്ക് ഡിജിപി രൂപം നല്‍കിയിട്ടുണ്ട്. കേസുകള്‍ പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടികള്‍ക്കായുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് അവ പരിശോധിക്കുന്ന ചുമതലയും ഈ കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്.
ഓരോ കേസും പ്രത്യേകം പരിശോധിച്ചശേഷം ക്രിമിനല്‍ നിയമസംഹിതയിലെ 321-ാം വകുപ്പ് പ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസുകള്‍ പിന്‍വലിക്കാന്‍ കഴിയുക. കേസുകള്‍ പിന്‍വലിക്കുന്നതിന് അനുമതി നല്‍കേണ്ടത് കോടതികളാണ്. കോടതിയുടെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. എങ്കിലും സര്‍ക്കാര്‍ തലത്തിലുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പല കേസുകളിലും കോടതിയിൽ നിന്നും സമൻസുകൾ അയച്ചുതുടങ്ങിയിട്ടുണ്ടെന്നും സർക്കാർ തീരുമാനം വൈകുന്നതിനാൽ ആ കേസിൽ ഉൾപ്പെട്ടവർ കോടതികൾ കയറിയിറങ്ങേണ്ട അവസ്ഥ വരുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Also read: പാർട്ടികളുടെ പേര് പരാമർശിക്കരുതെന്ന് സ്‌പീക്കർ ; തൊട്ടടുത്ത ചോദ്യം തന്നെ പാളി