തിരുവനന്തപുരം: ബജറ്റ് അവതരണത്തിനുള്ള നിയമസഭ സമ്മേളന തീയതി നിശ്ചയിക്കാതെ ബുധനാഴ്‌ചത്തെ മന്ത്രിസഭായോഗം. നിയമസഭ തീയതി നിശ്ചയിച്ച ശേഷം ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടാലുണ്ടാകാനിടയുള്ള അനൗചിത്യം കണക്കിലെടുത്താണ് നിയമസഭ സമ്മേളന തീയതി മന്ത്രിസഭായോഗം പരിഗണിക്കാതിരുന്നത്.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഉടന്‍ ഒപ്പിടുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ഗവര്‍ണറെ ധരിപ്പിച്ച വിശദാംശങ്ങളില്‍ ഗവര്‍ണര്‍ തൃപ്‌തനാണെന്നും വൈകാതെ ഓര്‍ഡിനന്‍സില്‍ ഒപ്പിടുമെന്നുമാണ് പ്രതീക്ഷ. സാധാരണയായി നിയമസഭ സമ്മേളനം ഇല്ലാതിരിക്കുന്ന കാലയളവില്‍ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ ഓര്‍ഡിന്‍സ് തയ്യാറാക്കി ഗവര്‍ണറുടെ പരിഗണനക്ക് അയക്കുന്നത്. എന്നാല്‍ നിയമസഭ സമ്മേളനം നിശ്ചയിച്ചു കഴിഞ്ഞാല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പു വയ്ക്കാറില്ല.
ഈ ആഴ്‌ച ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടാല്‍ തിങ്കളാഴ്‌ചയോടെ മന്ത്രിസഭായോഗം ചേര്‍ന്ന് നിയമസഭ തീയതി സര്‍ക്കാര്‍ പ്രഖ്യാപിക്കും. ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച് സിപിഐ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ തിങ്കളാഴ്‌ചത്തെ മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്.
അതേസമയം, ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ഉടന്‍ കോടതിയെ സമീപിക്കാനാണ് യുഡിഎഫ് നീക്കം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ പകരം ബില്ല് സര്‍ക്കാര്‍ കൊണ്ടു വരുമോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. ഫെബ്രുവരി 18ന് നിയമസഭ സമ്മേളനം ആരംഭിക്കാനാണ് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
Also read: 'ആകാശത്ത് നില്‍ക്കുന്ന ഓര്‍ഡിനൻസിനെ കുറിച്ച് പ്രതികരണമില്ല': ലോകായുക്തയില്‍ സിപിഐ