തിരുവനന്തപുരം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ പൊലീസ് തടഞ്ഞ് നിർത്തി മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം രാമചന്ദ്രനഗർ നന്ദനത്തിൽ യു.വി ഷിബുകുമാറിനെയാണ് കഴക്കൂട്ടം പൊലീസ് മർദ്ദിച്ചതായി പരാതിയുള്ളത്. സംഭവം വിവാദമായതോടെ കഴക്കൂട്ടം എസ്ഐ വിമലിനെ സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യയ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്‌തു.
അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതിക്കാരന്‍
കഴിഞ്ഞ ഞായറാഴ്‌ച രാത്രി 8നാണ് സംഭവം. ജോലികഴിഞ്ഞ് കഴക്കൂട്ടം റെയിൽവേ മേൽപാലത്തിന് കീഴെയുള്ള സർവീസ് റോഡ് വഴി വീട്ടിലേക്ക് നടന്ന് പോകുമ്പോൾ സ്വകാര്യ കാറിൽ അവിടെയെത്തിയ കഴക്കൂട്ടം പൊലീസാണ് മർദ്ദിച്ചത്. എസ്‌ഐമാരായ വിമലും, വിഷ്‌ണുവും അടങ്ങിയ പൊലീസ് സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. കാറിൽ നിന്ന് ചാടിയിറങ്ങിയ എസ്ഐ വിഷ്‌ണു യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിക്കുകയായിരുന്നുവെന്ന് ഷിബുകുമാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു.
'പരിക്ക് മദ്യപാനികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ'
എന്നാല്‍ മദ്യ-മയക്കുമരുന്ന് സംഘങ്ങൾ മേൽപാലത്തിന് അടിയിൽ സ്ഥിരമായി എത്താറുണ്ടെന്ന റസിഡന്‍റ്സ് അസോസിയേഷന്‍റെയും നാട്ടുകാരുടേയും പരാതി നിലവിലുണ്ടെന്നും അതിന്‍റെ ഭാഗമായാണ് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. മദ്യപാനികൾ തമ്മിലുള്ള സംഘർഷത്തിലാണ് ഷിബുകുമാറിന് പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു.
ഷിബുകുമാറിന്‍റെ ശരീരമാസകലം പൊലീസിന്‍റെ ലാത്തികൊണ്ടുള്ള മർദ്ദനത്തിന്‍റെ പാടുകളും ക്ഷതവും ഉണ്ട്. മർദ്ദനമേറ്റ ഷിബുകുമാർ റസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹിയാണ്. അസോസിയേഷന്‍റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പരാതി കൊടുത്തതായി അറിയില്ലെന്നും ഷിബുകുമാർ പരാതിയിൽ പറയുന്നു. ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
Also read: 'നെപ്പോളിയന് ലോക്കിട്ടു'; ഇ ബുൾജെറ്റ് വ്ളോഗർമാരുടെ വാഹന രജിസ്ട്രേഷൻ റദ്ദാക്കി