തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിശാലമായ ചർച്ച നടന്നുവെന്ന് കെ മുരളീധരൻ എംപി. മെച്ചപ്പെട്ട പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ന്യൂനതകൾ ഉണ്ടെങ്കിൽ കൂട്ടായി ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
വനിത, പട്ടികജാതി-പട്ടികവർഗ പ്രാതിനിധ്യം എന്നിവയിലെ കുറവ് കെപിസിസി പുനഃസംഘടനയിൽ പരിഹരിക്കും. ഗ്രൂപ്പ് യോഗ്യതയോ അയോഗ്യതയോ ആയിട്ടില്ല. നിയമിതരായ എല്ലാവരും യോഗ്യതയുള്ളവരാണ്. പരസ്യ പ്രതികരണങ്ങൾ നടത്തിയവർക്കെതിരെ എടുത്ത നടപടികൾ അന്തിമമല്ലെന്നും അവർക്ക് തിരുത്തി തിരിച്ചു വരാമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ മുന്നോട്ടുപോകും. ഇരുവരുടെയും അഭിപ്രായങ്ങൾ മാനിക്കും. നെടുമങ്ങാട് മണ്ഡലത്തിൽ പി.എസ് പ്രശാന്തിനെ തോൽപ്പിക്കാൻ പാലോട് രവി ശ്രമിച്ചുവെന്ന ആരോപണവും മുരളീധരൻ തള്ളി. പാർട്ടിയിൽ ഗ്രൂപ്പ് കൊണ്ടു നടന്നിട്ട് കാര്യമില്ലെന്നും അവനവന് കഷ്‌ടകാലം വരുമ്പോൾ ആരും കാണില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
Read more: കുഴഞ്ഞു മറിഞ്ഞ് കോൺഗ്രസ്; അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കൾ