തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഐഎൻടിയുസിയും തമ്മിലുള്ള തർക്കത്തിൽ കെപിസിസി ഇടപെടുന്നു. ഇന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരനുമായി ചർച്ച നടത്തും. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന വി.ഡി സതീശന്‍റെ പരാമർശത്തിനെതിരെ പരസ്യ പ്രതിഷേധ പ്രകടനം നടന്നിരുന്നു.
പരാമർശത്തിൽ വി.ഡി സതീശൻ നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസിയോട് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി നേതൃത്വം കത്തും നൽകിയിരുന്നു. ഇതേതുടർന്നാണ് കെ സുധാകരൻ തന്നെ നേരിട്ട് ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരൻ മാധ്യമങ്ങളെയും കാണുന്നുണ്ട്. തർക്കം മുന്നോട്ടുകൊണ്ടു പോകാതെ രമ്യമായി പരിഹരിയ്ക്കാനാണ് നേതൃത്വത്തിൻ്റെ ശ്രമം. ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെ സംബന്ധിച്ചുള്ള പ്രതികരണത്തിലാണ് ഐൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്.
ഇതേതുടർന്ന് ചങ്ങനാശ്ശേരിയിൽ അടക്കം പ്രതിപക്ഷ നേതാവിനെതിരെ ഐഎൻടിയുസി പ്രവർത്തകർ തെരുവിൽ പ്രകടനം നടത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന നിലപാട് തന്നെയാണ് വി.ഡി സതീശൻ ആവർത്തിച്ചത്.
Also read: ജോണ്‍ പോളിന്‍റെ ചികിത്സക്കായി ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തര സഹായം