തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്‌ച മുതല്‍ ശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കൊല്ലം,ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്‌ച വരെ ശക്തമായ മഴ
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് അനുസരിച്ച് സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിക്കും. വെള്ളിയാഴ്‌ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്‌ച മഴ കൂടുതല്‍ ശക്തമാകും. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 2 ജില്ലകളില്‍ വ്യാഴാഴ്‌ച യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നും സംസ്ഥാനത്ത് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദങ്ങള്‍ ഇല്ലെങ്കിലും തുലാവര്‍ഷത്തിന് മുന്നോടിയായുള്ള കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനം മൂലമാണ് മഴ വീണ്ടും ശക്തമാകുന്നത്. ബംഗാളിനും ഒഡിഷയ്ക്കും മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതിന് കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകാന്‍ ഇടയില്ല.
Also read: മഴക്കെടുതിയില്‍ മരണം 33; വിവിധ ജില്ലകളിലായി 11 ദുരന്തനിവാരണ സേനകള്‍