തിരുവനന്തപുരം: അമ്പതു കോടി രൂപ തട്ടിയെടുത്ത ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി ലോട്ടറി വകുപ്പ് ജീവനക്കാരൻ രാജ് കപൂറിൻ്റെ മൊഴി. 50 ലക്ഷം രൂപ ശബരിനാഥിൻ്റെ നെസ്റ്റ് ഇൻവെസ്റ്റ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ചെന്ന് രാജ് കപൂര്‍ മൊഴി നല്‍കി. കേസിലെ 28-ാം സാക്ഷിയാണ് രാജ് കപൂർ.
2008ൽ തന്നെ താൻ പണം നൽകിയിരുന്നു. ആദ്യം താൻ വിദേശത്ത് നിന്നും മടങ്ങി എത്തിയ ശേഷം പുന്നപുരത്ത് നടത്തിയിരുന്ന കമ്പ്യൂട്ടർ സ്ഥാപനം ശബരി 42 ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. ഈ പണം കൃത്യമായി ശബരി മടക്കി നൽകി. ഇത് വിശ്വസിച്ചാണ് 50 ലക്ഷം രൂപ നെസ്റ്റ് ഇൻവെസ്റ്റ് സൊല്യൂഷൻസിൽ നിക്ഷേപിച്ചത്.
2008ല്‍ കേസിലെ 19ാം പ്രതി സുരേഷാണ് ശബരിയെ തനിക്ക് പരിചയപ്പെടുത്തിയതെന്നും രാജ് കപൂർ മൊഴി നൽകി. ശബരിയെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.
2007 ഏപ്രിൽ 30 മുതൽ 2008 ആഗസ്റ്റ് 20 വരെയാണ് കേസിനാസ്‌പദമായ സംഭവം. തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി സ്ഥാപനങ്ങൾ തുടങ്ങി കോടികളുടെ തട്ടിപ്പാണ് നടത്തിയത്. ടോട്ട് ടോട്ടൽ, ഐ നെസ്റ്റ്, ടോട്ടൽ ഫോർ യു എന്നീ പേരുകളിലായായിരുന്നു തട്ടിപ്പ് നടത്തിയത്.
ആർബിഐ ലൈസൻസ് ഉണ്ടെന്നും നിക്ഷേപ തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ 20% മുതൽ 80% വരെയുള്ള നിക്ഷേപ പദ്ധതി ഉണ്ടെന്നും കാലാവധി കൂടും തോറും വളർച്ച നിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.