തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാൻ പുനരുദ്ധാരണ പാക്കേജുമായി സർക്കാർ. പാക്കേജിന്‍റെ ഭാഗമായി ബാങ്കുകൾ, എൽ.ഐ.സി, കെ.എസ്.എഫ്.ഇ തുടങ്ങിയയിടങ്ങിൽ നിന്നുള്ള ജീവനക്കാരുടെ ശമ്പള റിക്കവറി കുടിശികയായ 255 കോടി രൂപ സർക്കാർ നൽകും. 2016 മുതലുള്ള തുകയാണ് നൽകുന്നത്. സ്ഥിരം ജീവനക്കാർക്ക് 1500 രൂപ വീതം ഇടക്കാല ആശ്വാസം നൽകും. ഇതിനായുള്ള അധിക തുക സർക്കാർ വഹിക്കും. ശമ്പള പരിഷ്കരണം നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. എം. പാനൽ ജീവനക്കാരെ പിരിച്ചു വിടില്ല . ഇവര്‍ക്ക് ഘട്ടം ഘട്ടമായി പുതുതായി രൂപീകരിക്കുന്ന ഉപകമ്പനിയായ സ്വിഫ്റ്റിൽ ജോലി നൽകും.
സ്കാനിയ, വോൾവോ, കിഫ്‌ബി വഴി വാങ്ങുന്ന പുതിയ ബസുകൾ എന്നിവയുടെ നടത്തിപ്പും സ്വിഫ്റ്റ് എന്ന ഉപകമ്പനിയായിരിക്കും നിർവഹിക്കുക. സർക്കാരിന് കെ.എസ്. ആർ.ടി.സി നൽകാനുള്ള 961 കോടിയുടെ പലിശ എഴുതിത്തള്ളും. 3194 കോടിയുടെ വായ്പ ഓഹരിയായി മാറ്റും. പുതിയ വായ്പ പാക്കേജ് ഉറപ്പാക്കാനുള്ള ചർച്ചകൾ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വരുമാനം വർദ്ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടിയായി കുറയ്ക്കും. തൊഴിലാളി സംഘടനകളുൾപ്പെടെയുള്ളവരുമായി വിശമായി ചർച്ച ചെയ്താകും പാക്കേജിന് അന്തിമ രൂപം നൽകുക.