തിരുവനന്തപുരം: മംഗലപുരത്ത് ബിരുദ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച നാലംഗ സംഘം അറസ്റ്റില്‍. മംഗലപുരം സ്വദേശികളായ കുട്ടനെന്ന ഷെഹിൻ, അഷ്റഫ്, അൻസർ, മുരുക്കുപുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. പോത്തൻകോട് വാവറയമ്പലം സ്വദേശി മുഹമ്മദ് ഷബിൻ (18) ആണ് മര്‍ദനമേറ്റത്.
കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. ഉച്ചക്ക് രണ്ടു മണിക്ക് ഷബിനെ സുഹൃത്ത് ഷിനാസ് വീട്ടിൽ നിന്നും വിളിച്ചിക്കി മംഗലപുരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നംഗ സംഘവുമായി ചേർന്ന് ഷബിനെ ക്രൂരമായി മർദിക്കുകയും ബലമായി ലഹരിമരുന്ന് നല്‍കുകയും ചെയ്‌തുവെന്നാണ് പരാതി.
ഷബിന്‍റെ കൈവശമുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽ ഫോണും സംഘം തട്ടിയെടുത്തു. പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും അമ്മയെ ആക്രമിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. മൊബൈൽ ഫോൺ മടക്കി നൽകാൻ സംഘം പതിനായിരം രൂപ ആവശ്യപ്പെട്ടതോടെയാണ് ഷബിന്‍ വീട്ടിൽ വിവരം പറയുന്നത്.
തുടർന്ന് വ്യാഴാഴ്‌ച ഷബിന്‍റെ അമ്മ മംഗലപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്‌ച രാത്രി ഷബിന്‍റെ വീട്ടിലെത്തി സംഘം ഭീഷണി മുഴക്കി. പോത്തൻകോട്, മംഗലപുരം സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച് കേസെടുത്തു. തുടർന്ന് നാല് പ്രതികളേയും പൊലീസ് പിടികൂടുകയായിരുന്നു.