തിരുവനന്തപുരം: സ്വത്തുക്കൾ എഴുതി വാങ്ങിയ ശേഷം രോഗിയായ 85 വയസുകാരനെ മക്കൾ ഉപേക്ഷിച്ചതായി പരാതി. തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിൽ ഇടിഞ്ഞാർ ഇടവം റാണി ഭവനിൽ ഡാനിയേലിനെയാണ് മക്കൾ ഉപേക്ഷിച്ചത്. രണ്ടു ഭാര്യമാരും 6 മക്കളുമുള്ള ഡാനിയേലിനാണ് ഈ ദുരവസ്ഥ.
ഡാനിയേലിന്‍റെ പേരിലുണ്ടായിരുന്ന 4 സെന്‍റ് വസ്‌തുവും വീടും എഴുതി വാങ്ങിയ ശേഷമാണ് ഉപേക്ഷിച്ചത്. ഡാനിയേലിനെ സംരക്ഷിക്കുന്നതിനെ ചൊല്ലി മക്കളും ചെറുമക്കളും ഭാര്യമാരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. ഇതോടെ തർക്കം പാലോട് പൊലീസിൽ പരാതിയായെത്തി.
മക്കളെ നേരിട്ട് സ്റ്റേഷനിൽ വിളിച്ചു വരുത്തിയും വിദേശത്തുള്ളവരെ ഫോൺ മുഖേനയും ബന്ധപ്പെട്ട് മക്കൾ കൂട്ട് ഉത്തരവാദിത്തത്തോടെ നോക്കുന്നതിനും ചെലവിന് നൽകുന്നതിനും പൊലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാതെ ഒരു മകൻ ഇടവത്തുള്ള ചെറുമകളുടെ വീട്ടിൽ ഡാനിയേലിനെ ഉപേക്ഷിച്ചു മുങ്ങി.
ചെറുമകളും കുടുംബവും ഇതോടെ വീട്ടിൽ നിന്നും താമസം മാറി പോയി. ഒരു ദിവസം ഭക്ഷണം ലഭിക്കാതെ ഡാനിയേൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നു. ഇതോടെ വിഷയത്തിൽ ഇടപെട്ട നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പൊലീസ് ഡാനിയേലിനെ വർക്കല ബീച്ച് വാൽസല്യം ഓൾഡേജ് ഹോമിലേക്കി മാറ്റി. വസ്‌തുക്കൾ തട്ടിയെടുത്തതിനും വയോധികനെ സംരക്ഷിക്കാത്തതിനും ഭാര്യമാർ, മക്കൾ, ചെറുമക്കൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ: പഞ്ചിലൊതുങ്ങില്ല, റേസിങ്ങിലും മികവ് ; സഞ്ജുവിൻ്റെ ലക്ഷ്യം ഒളിമ്പിക്‌സ്, വേണം സ്പോൺസർ