തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിയ്ക്കാൻ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി. കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇതിനായി കരിക്കുലം സ്റ്റിയറിങ് കമ്മറ്റിയും കരിക്കുലം കോർ കമ്മറ്റിയും രൂപീകരിച്ചു.
ലിംഗനീതി, സമത്വം, ലിംഗാവബോധം, ഭരണഘടനയുടെ മൂല്യങ്ങൾ, മതനിരപേക്ഷത തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാണ് പരിഷ്‌കരണം. പൊതുജനാഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും പാഠ്യപദ്ധതി പരിഷ്‌കരിക്കുക. പാഠപുസ്‌തകങ്ങളിൽ മലയാള അക്ഷരമാല ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ മേൽനോട്ടം വഹിക്കുന്ന സ്റ്റിയറിങ് കമ്മറ്റിയും വിദ്യാഭ്യാസ മന്ത്രി ചെയർമാനായ കോർ കമ്മറ്റിയുമുൾപ്പെടെ രണ്ട് കമ്മറ്റികളുണ്ട്. 71 പേരാണ് കോർ കമ്മറ്റിയിലുള്ളത്. സാമൂഹ്യ, സാഹിത്യ സിനിമ മേഖലയിലുള്ളവർ കമ്മറ്റിയിലുണ്ട്.
അടൂർ ഗോപാലകൃഷ്‌ണന്‍, ബി ഉണ്ണികൃഷ്‌ണന്‍, മുരളി തുമ്മാരക്കുടി, ജോർജ് ഓണക്കൂർ എന്നിവരാണ് കമ്മറ്റിയിലെ പ്രമുഖരെന്ന് മന്ത്രി അറിയിച്ചു. ഖാദർ കമ്മറ്റി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കാൻ സെക്രട്ടേറിയറ്റിൽ പ്രത്യേക സെൽ ആരംഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also read: വരാനിരിക്കുന്നത് 'കനത്ത ചൂട്': ആറ് ജില്ലകളില്‍ 35 ഡിഗ്രി വരെ