തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം കേന്ദ്ര നേതൃയോഗം ഇന്ന് സമാപിക്കും. യോജിക്കാവുന്നരോടെല്ലാം സഹകരിച്ച് ബിജെപി സർക്കാരിനെതിരെ ശക്തമായ സമരം എന്ന ധാരണയുമായാണ് നേതൃയോഗം സമാപിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ മാത്രമല്ല നരേന്ദ്ര മോദി സർക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയം, തീവ്ര വർഗീയ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തി ശക്തമായ സമരത്തിനാണ് സിപിഎം തീരുമാനം. കോൺഗ്രസുമായി സഹകരിക്കുന്നതില്‍ എക്കാലവും എതിർപ്പ് പ്രകടിപ്പിക്കാറുള്ള കേരള ഘടകം ഇത്തവണ സംയുക്ത സമരമെന്ന നിർദ്ദേശത്തെ അനുകൂലിച്ചു. കേരളത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് പുറമേ എ. വിജയരാഘവൻ, കെ.കെ. ഷൈലജ, എളമരം കരീം എന്നിവർ സംസാരിച്ചു.
ഡൽഹിയിലെ ജാമിയാ മിലിയ, ജെ.എൻ.യു തുടങ്ങിയ സർവ്വകലാശാലകളിലെ വിദ്യാർഥികൾ പൗരത്വ ഭേദഗതിക്കെതിരെ നടത്തുന്ന സമരം ഏറ്റെടുക്കേണ്ടതില്ലെന്ന് യോഗത്തില്‍ ധാരണയായി. നിലവിൽ തുടരുന്ന സ്ഥിതി തന്നെ തുടർന്നാൽ മതിയെന്നാണ് നിർദ്ദേശം. വിദ്യാർഥികൾക്ക് നേരെ അക്രമം ഉണ്ടാകുമ്പോൾ സഹായവും നൽകും. വിദ്യാർഥി സമരത്തിന് നേരെ പൊലീസ് അതിക്രമമുണ്ടായപ്പോൾ സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കൾ അവിടെയെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്നും വിദ്യർഥി സമരങ്ങളോട് ഇതേ സ്ഥിതി തന്നെ മതി. പാർട്ടിക്ക് ശക്തിയുള്ള കേരളം, ത്രിപുര, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ സമരം നടത്താനായതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. തുടർന്നും ഇതേ രീതിയിൽ പ്രതിഷേധം നടത്തും. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന സമരത്തിന് പിന്തുണ നൽകാനും യോഗത്തില്‍ ധാരണയായി.
കേരളത്തോട് കേന്ദ്ര സർക്കാർ കടുത്ത അവഗണന തുടരുന്നതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. പല കാര്യങ്ങളിലും കേരള സർക്കാരിനെ ഞെരുക്കാനും പ്രതിസന്ധി സൃഷ്ടിക്കാനും ശ്രമം നടക്കുകയാണെന്നും അഭിപ്രായമുയർന്നു. മറ്റ് സംഘടനാ വിഷയങ്ങൾ യോഗത്തിൽ കാര്യമായി ചർച്ചയായില്ല. കേന്ദ്ര കമ്മിറ്റിയിലെ ചർച്ചകൾക്ക് ഇന്ന് രാവിലെ പിബി യോഗം ചേർന്ന് മറുപടി തയാറാക്കും. ഈ മറുപടി കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കും. മറുപടി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിക്കുന്നതോടെ മൂന്ന് ദിവസം നീണ്ടു നിന്ന കേന്ദ്ര നേതൃയോഗത്തിന് സമാപനമാകും. വൈകുന്നേരം നാല് മണിക്ക് തീരുമാനങ്ങൾ വിശദീകരിക്കാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളെ കാണും. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഇന്ന് രാഷ്‌ടീയ വിശദീകരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. പുത്തരിക്കണ്ടം മൈതാനിയിലെ പൊതുയോഗം സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയും. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ സംസാരിക്കും.