മലപ്പുറം: അവസരത്തിനൊത്ത് തീവ്രവാദ ശക്തികളെ ഉപയോഗിച്ചത് സിപിഎമ്മാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തിൽ എക്കാലത്തും മതേതരത്വം ഉയർത്തിപ്പിടിച്ച പാർട്ടിയാണ് മുസ്‌ലിം ലീഗെന്നും സിപിഎമ്മിന്‍റെ വിമർശനം കൊണ്ട് പാർട്ടിക്ക് യാതൊരു പോറലും ഏൽക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
അവസരത്തിനൊത്ത് തീവ്രവാദ ശക്തികളെ സഹായിച്ച നിലപാട് ആണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐയുമായി സിപിഎം പലയിടത്തും ബന്ധമുണ്ടാക്കിയിരുന്നു. ഇത് മറച്ചുവയ്ക്കാനാണ് ഇപ്പോൾ ലീഗിനെതിരെ ആരോപണം ഉന്നയിയ്ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
രാജ്യത്ത് മതേതര ഇന്ത്യക്ക് നേതൃത്വം നൽകാൻ ശക്തമായ പാർട്ടി കോൺഗ്രസ് തന്നെയാണ്. കേരളം വിട്ടാൽ മാത്രമേ സിപിഎം ഇത് അംഗീകരിക്കുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
Also read: ലീഗ് നേതാവിന്‍റെ മകൻ സ്വര്‍ണക്കടത്തില്‍: പുറത്തുവന്ന വിവരങ്ങള്‍ മഞ്ഞുമലയുടെ അറ്റമെന്ന് കോടിയേരി