തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സർക്കാര്‍ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് എം.എൽ.എമാരുടെ സെക്രട്ടേറിയറ്റ് ധര്‍ണ. പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ധര്‍ണ ഉദ്ഘാടനം ചെയ്തു.
സർക്കാറിന്‍റെ പിടിവാശി കൊണ്ടാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ യോഗത്തില്‍ പറഞ്ഞു. പ്രവാസികളോട് കാണിക്കുന്നത് ക്രൂരതയാണ്. അവരെ നാട്ടിലെത്തിക്കണം. ദുരിതമനുഭവിക്കുന്നവർക്ക് നോർക്കയോ കേരള സഭയോ ഒന്നും ചെയ്തിട്ടില്ല. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ലോക കേരള സഭാ സമ്മേളനം നടത്തിയാൽ മാത്രം പോരെന്നും ചെന്നിത്തല വിമർശിച്ചു.
കൊവിഡ് ബാധിച്ച് മരിക്കുന്ന പ്രവാസികളുടെ കുടുംബത്തോട് സാന്ത്വന മനസ്സ് പോലും കാണിക്കാത്ത സർക്കാറാണ് ഇപ്പോഴുള്ളതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ പറഞ്ഞു. സർക്കാർ നിലപാട് ഇത്തരത്തിൽ തുടർന്നാൽ പ്രോട്ടോക്കോളുകൾ മറന്ന് ജനകീയസമരം നടത്തേണ്ടി വരുമെന്നും മുനീർ പറഞ്ഞു.