തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍. കൊവിഡ് നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ നിന്ന് നാല് ജില്ലകളെ ഒഴിവാക്കി. കൊല്ലം ജില്ല മാത്രമാണ് സി കാറ്റഗറിയിലുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കിയത്. കാസര്‍കോട് ജില്ലയെ പൂര്‍ണമായും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ ഈ ജില്ലകളില്‍ സിനിമ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയ്ക്ക് അനുമതി ലഭിക്കും.
ഞായറാഴ്‌ചകളില്‍ വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് അനുമതി നല്‍കിയതാണ് മറ്റൊരു പ്രധാന ഇളവ്. എന്നാല്‍ ആരാധനയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്. 20 പേര്‍ക്ക് മാത്രമേ ഞായറാഴ്‌ചകളില്‍ നടക്കുന്ന ആരാധനകളില്‍ പങ്കെടുക്കാന്‍ കഴിയൂ. 10, പ്ലസ്‌ടു ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ തുടരും. കോളജ് ക്ലാസുകളും തിങ്കളാഴ്‌ച മുതല്‍ ആരംഭിക്കും. മറ്റ് സ്‌കൂള്‍ ക്ലാസുകള്‍ ഫെബ്രുവരി 14ന് തുറക്കാനും കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.
രോഗവ്യാപനം കുറയുന്നുവെന്ന വിലയിരുത്തലാണ് അവലോകന യോഗത്തിലുണ്ടായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കിയത്. ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല നിയന്ത്രണങ്ങളോടെ നടത്തും. ക്ഷേത്ര പരിസരത്ത് 200 പേര്‍ക്ക് പൊങ്കാലയിടാന്‍ അനുമതി നല്‍കി. മറ്റ് ഭക്തജനങ്ങള്‍ വീടുകളില്‍ പൊങ്കാലയിടണം. ഞായറാഴ്‌ച ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരാനും അവലോകന യോഗം നിര്‍ദേശം നല്‍കി.
ALSO READ: ഓണ്‍ലൈന്‍ ക്ലാസ് ഇന്നവസാനിക്കും; പുതുക്കിയ ഹയർ സെക്കന്‍ഡറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു