തിരുവനന്തപുരം: മെഡിക്കൽ കോളജിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ രണ്ട് രോഗികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഡി.സി.സിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി. വി.എസ് ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്ത മാര്‍ച്ച് എൽ.എം.എസ് ജങ്ഷനിൽ പൊലീസ് തടഞ്ഞു.
ഒരു ദിവസം വാർഡിൽ രണ്ട് രോഗികൾ ആത്മഹത്യ ചെയ്തത് ആരോഗ്യവകുപ്പിന്‍റെ വീഴ്ചയാണെന്ന് വി.എസ് ശിവകുമാർ ആരോപിച്ചു. ചികിത്സ നൽകാതെ രോഗികളെ കൊല്ലുകയാണ് സർക്കാർ. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ശിവകുമാർ എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ എന്നിവര്‍ ഉള്‍പ്പെടെ അമ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എ.ആര്‍ ക്യാമ്പിലെത്തിച്ച പ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.