തിരുവനന്തപുരം : കെപിസിസി പുനസംഘടന നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി എ, ഐ ഗ്രൂപ്പുകള്‍. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് ഭാരവാഹി യോഗത്തിലാണ് ഗ്രൂപ്പുകള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സംഘടന തെരഞ്ഞെടുപ്പിലേക്ക് കടന്നാല്‍ പുനസംഘടനയ്ക്ക് പ്രസക്തിയില്ലെന്നും ഗ്രൂപ്പ് പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നായിരുന്നു കെ സുധാകരന്‍റെ മറുപടി.
പുനസംഘടനയ്ക്ക് ശേഷമുള്ള കെപിസിസിയുടെ ആദ്യ ഭാരവാഹി യോഗമാണ് തിരുവനന്തപുരത്ത് ചേര്‍ന്നത്. രാവിലെ 11ന് ആരംഭിച്ച യോഗത്തില്‍ കെപിസിസി നിര്‍വാഹക സമിതി അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍, പോഷക സംഘടന പ്രസിഡന്‍റുമാര്‍ എന്നിവരടക്കം പങ്കെടുത്തു.
പുനസംഘടന നിര്‍ത്തിവയ്ക്കണമെന്ന് ഗ്രൂപ്പുകള്‍
പുനസംഘടന വൈകിയത് കൊണ്ടാണ് യോഗം വിളിക്കാന്‍ വൈകിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിശദീകരിച്ചു. പാര്‍ട്ടിക്കുള്ളിലെ വിഷയങ്ങളില്‍ പരസ്യ പ്രതികരണം പാടില്ലന്ന നിര്‍ദേശവും യോഗത്തില്‍ സുധാകരന്‍ മുന്നോട്ടുവച്ചു. ഇതിന് പിന്നാലെയാണ് എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് കെപിസിസി പുനസംഘടന നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
കെ ബാബു, കെ.സി ജോസഫ്, ബെന്നി ബെഹനാന്‍ എന്നിവരാണ് യോഗത്തില്‍ അവശ്യം ഉന്നയിച്ചത്. യൂണിറ്റ് കമ്മിറ്റികള്‍ വഴിയുള്ള അംഗത്വ വിതരണം നിര്‍ത്തണമെന്നും ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് ഇതിന് മറുപടിയായി കെ സുധാകരന്‍ വ്യക്തമാക്കി.
ബെന്നി ബെഹനാന്‍-സുധാകരന്‍ വാക്‌പോര്
യോഗം ചില വാക്കുതര്‍ക്കങ്ങളിലേക്ക് പോകുന്ന സാഹചര്യവും ഉണ്ടായി. ബെന്നി ബെഹനാനും സുധാകരനും തമ്മിലായിരുന്നു തര്‍ക്കം. യൂണിറ്റ് കമ്മിറ്റികളില്‍ ജനപ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് ബെന്നി ബെഹനാന്‍ വിമര്‍ശനം ഉയര്‍ത്തി. യൂണിറ്റ് കമ്മിറ്റികള്‍ നിയന്ത്രിക്കുന്നത് കെഎസ് ബ്രിഗേഡ് അംഗങ്ങളാണെന്നും ബെന്നി ബെഹനാന്‍ യോഗത്തില്‍ പറഞ്ഞു.
എന്നാല്‍ ഇതിന് പിണറായി വിജയനോട് സംസാരിക്കുന്നത് പോലെ തന്നോട് സംസാരിക്കരുതെന്ന മറുപടിയാണ് കെ സുധാകരന്‍ നല്‍കിയത്. യൂണിറ്റ് കമ്മിറ്റികള്‍ എന്നത് പരിശീലന കളരി മാത്രമാണെന്നും അവിടെ ജനപ്രതിനിധികള്‍ സംസാരിക്കേണ്ട അവശ്യമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്‌ച നിര്‍വാഹക സമിതി അംഗങ്ങളുടെ യോഗം
അംഗത്വ വിതരണം താഴെ തട്ടിലെ യൂണിറ്റുകളിലേക്ക് എത്തിക്കാനാണ് കെപിസിസി നേതൃത്വത്തിന്‍റെ ശ്രമം. എന്നാല്‍ ഇത് ഗ്രൂപ്പുകളില്‍ അവസാനിപ്പിക്കണമെന്നാണ് ഐ ഐ വിഭാഗങ്ങളുടെ നിലപാട്. അതേസമയം കെ പി സി സി മുന്‍ പ്രസിഡന്‍റ് വി.എം സുധീരന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഡല്‍ഹിയിലായതിനാല്‍ കെ മുരളീധരനും വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തില്‍ പങ്കെടുത്തില്ല. ബുധനാഴ്‌ച രാവിലെ പത്തിന് നിര്‍വാഹക സമിതി അംഗങ്ങളുടെ യോഗം പ്രത്യേകം ചേരുന്നുണ്ട്.
Also read: കെ.പി.സി.സി യോഗം ഇന്ന്