തിരുവനന്തപുരം: ഹൈക്കോടതി സ്പ്രിംഗ്ലര്‍ കമ്പനിയുമായുള്ള കരാറുമായി മുന്നോട്ട് പോകാന്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ കരാറുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാറ്റായുടെ സുരക്ഷിത്വം ഉറപ്പു വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ്. ഡാറ്റാ സുരക്ഷിതത്വത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. അത് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും.
കരാര്‍ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും തള്ളിക്കളയുകയാണ് ഹൈക്കോടതി ചെയ്തത്. കരാര്‍ റദ്ദാക്കുകയോ സ്‌റ്റേ ചെയ്യുകയോ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളിയിട്ടുണ്ട്. വാദത്തിന്‍റെ ഘട്ടത്തില്‍ വിവരങ്ങള്‍ ആരായുന്നത് കോടതിയുടെ നിഗമനമായി ചിത്രീകരിക്കരുത്. അന്തിമ ഉത്തരവ് എന്താണെന്നാണ് നോക്കേണ്ടത്.
മുബൈയില്‍ നിന്ന് ഐടി വിദഗ്ധനായ അഭിഭാഷകയെ എത്തിച്ചതില്‍ തെറ്റില്ല. കേസിന്‍റെ സ്വഭാവമനുസരിച്ചാണ് അഭിഭാഷകരെ തീരുമാനിക്കുന്നത്. സ്പ്രിംഗ്ലര്‍ കരാര്‍ ആരോഗ്യ പ്രവര്‍ത്തകരെ അപമാനിച്ചുവെന്ന പരാമര്‍ശവും ശരിയല്ല. ആരോഗ്യ പ്രവര്‍ത്തകരുടെ പണി ഡാറ്റ അവലോകനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പ്രിംഗ്ലറെ പോലൊരു ലോകോത്തര കമ്പനി കേരളത്തിലെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത് വലിയകാര്യമായി കണക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.