തിരുവനന്തപുരം: 1965ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി സി.പി.എം- സി.പി.ഐ പോരു മുറുകുന്നു. 1965ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം ഒറ്റയ്ക്കാണ് മത്സരിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വീണ്ടും രംഗത്ത്. 1965ലെ ചരിത്രം പിണറായി വിജയന്‍ അല്പം കൂടി വായിക്കണമെന്ന് കാനം തിരുവനന്തപുരത്ത് പറഞ്ഞു. പക്ഷേ ഈ പ്രശ്‌നത്തിന് മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ ഔദ്യോഗിക പത്ര സമ്മേളനത്തില്‍ മറുപടി പറയേണ്ട ആവശ്യമില്ലായിരുന്നു. അദ്ദേഹം ഒരു നിമിഷം പാര്‍ട്ടി സെക്രട്ടറിയോ ആയിപ്പോയിട്ടുണ്ടാകാം. എന്നാല്‍ താന്‍ പറഞ്ഞത് ചരിത്ര വസ്തുതയാണ്. ആ ചരിത്ര വസ്തുത അന്ന് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ഇ.എം.എസ് നമ്പൂതിരിപ്പാട് അംഗീകരിച്ചത് ചിന്ത പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു. അത് വായിക്കുന്നവര്‍ക്ക് താന്‍ പറഞ്ഞത് ശരിയെന്ന് ഇ.എം.എസ് വ്യക്തമാക്കിയത് കാണാനാകും.
1965ല്‍ സി.പി.എം ഒറ്റയ്ക്കാണ് മത്സരിച്ചത് എന്ന സി.പി.എം അവകാശ വാദത്തെ മാത്രമേ താന്‍ എതിര്‍ത്തിട്ടുള്ളൂ. ഒറ്റയ്ക്കല്ലെന്നു മാത്രമല്ല, 29 സീറ്റുകളില്‍ സി.പി.എം മത്സരിച്ചത് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയായിരുന്നു. അതില്‍ 13ല്‍ അവര്‍ വിജയിച്ചുവെന്ന് ഇ.എം.എസ് തന്നെ പറഞ്ഞിട്ടുണ്ട്. സ്വതന്ത്രന്‍മാരെ സി.പി.എം മത്സരിപ്പിച്ചു. ജയിച്ച ആറ് സ്വതന്ത്രന്‍മാരില്‍ അഞ്ചുപേര്‍ പിന്നീട് മുസ്ലീംലീഗില്‍ പോയി. ഇതൊക്കെ കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രമാണ്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് ഇതൊന്നും അറിയില്ല എന്ന് താന്‍ പറയുന്നില്ല. പക്ഷേ ഈ വസ്തുതകള്‍ മുഖ്യമന്ത്രി മറച്ചു വയ്ക്കുകയാണ്. 65ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം ഒറ്റയ്ക്കു മത്സരിച്ചു ജയിച്ചുവെന്ന സി.പി.എം വാദം ശരിയല്ല. മറ്റുള്ളവരുമായി ധാരണയുണ്ടാക്കിയാണ് മത്സരിച്ചത് എന്നത് ചരിത്രമാണ്. അത് ചരിത്രത്തിന്‍റെ ഭാഗമാണ്. ഇതൊക്കെ രാഷ്ട്രീയമാണെന്നും ആരെയും സംതൃപ്തിയോ അതൃപ്തിയോ അറിയിക്കേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്നും കാനം പറഞ്ഞു. ജോസ് കെ.മാണിയുടെ എല്‍.ഡി.എഫ് പ്രവേശം സംബന്ധിച്ച സി.പി.ഐ എതിര്‍പ്പിനെ തുടര്‍ന്നാണ് 1965ലെ തെരഞ്ഞെടുപ്പിനെ ചൊല്ലി ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും തമ്മിലുള്ള വാക്ക് പോര് തുടങ്ങിയത്.