തിരുവനന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട പൂവാര്‍ സ്വദേശി രാഖി മോള്‍ തന്‍റെ മകനെ ഫോണില്‍ വിളിച്ച് നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നെന്ന് കേസിലെ പ്രധാനപ്രതി അഖില്‍ എസ് നായരുടെ അച്ഛന്‍.
ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്ന കാര്യം തനിക്കറിയില്ല. എന്നാല്‍ മകന്‍റെ വിവാഹനിശ്ചയം കഴിഞ്ഞ നാള്‍ മുതല്‍ പെണ്‍കുട്ടി ഫോണില്‍ വിളിച്ച് മകനെ ശല്യം ചെയ്യുന്നതും പണം ആവശ്യപ്പെടുന്നതും പതിവായിരുന്നുവെന്ന് അഖിലിന്‍റെ അച്ഛന്‍ രാജപ്പന്‍ നായര്‍ പറഞ്ഞു.
പെൺകുട്ടിയെ കാണാതായി എന്ന് പറയുന്ന കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതിയും അഖിലിനെ പെൺകുട്ടി ഫോണിൽ വിളിച്ചിരുന്നു. അത്യാവശ്യമായി കണ്ടില്ലെങ്കില്‍ അഖിലുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി പറയുമെന്ന് രാഖി ഭീഷണിപ്പെടുത്തിയതായി രാജപ്പന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ ഇരുപത്തിയൊന്നിന് പെണ്‍കുട്ടി ആവശ്യപ്പെട്ട പ്രകാരം 5000 രൂപയുമായി അഖില്‍ രാഖിയെ കാണാന്‍ പോയിരുന്നു. പിന്നീട് രാഖിയെ അമരവിള എന്ന സ്ഥലത്ത് വിട്ടു തുടര്‍ന്ന് ഈ പെണ്‍കുട്ടി ഒരു ബൈക്കില്‍ കയറി പോവുകയായിരുന്നുവെന്നും രാജപ്പന്‍ പറഞ്ഞു.
ഇരുപത്തിയൊന്നാം തീയതി രാത്രി എട്ടുമണിയോടെ അഖില്‍ വീട്ടില്‍ എത്തിയെന്നും കഴിഞ്ഞ ഇരുപത്തിയേഴിന് ജമ്മുവിലേക്ക് പോയെന്നും രാജപ്പന്‍ വ്യക്തമാക്കി. അതേസമയം തന്‍റെ മക്കള്‍ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ അനുഭവിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.