തിരുവനന്തപുരം : എകെജി സെന്‍റർ ആക്രമണക്കേസില്‍ പ്രതി ജിതിന്‍റെ പൊലീസ് കസ്റ്റഡി നാളെ (സെപ്‌റ്റംബർ 26) അവസാനിക്കും. തിങ്കളാഴ്‌ച വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവധി. ജിതിനെ നാല് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ നൽകിയത്.
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. സ്ഫോടക വസ്‌തു എറിയാന്‍ പ്രതി ഉപയോഗിച്ച സ്‌കൂട്ടർ, സംഭവ സമയത്ത് ഉപയോഗിച്ചിരുന്ന ടീഷർട്ട് എന്നിവ കണ്ടെത്തുന്നതിനായാണ് ജിതിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. സെപ്റ്റംബർ 27ന് ജിതിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. ആക്രമണ സമയം, ജിതിൻ ഉപയോഗിച്ചിരുന്ന ഷൂ ക്രൈം ബ്രാഞ്ച് കണ്ടെത്തിയെന്നാണ് സൂചന. എന്നാല്‍ തെളിവെടുപ്പിന്‍റെയും അന്വേഷണത്തിന്‍റെയും ഒരു വിവരവും പുറത്തുപോകരുതെന്ന കർശന നിർദേശമാണ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല സെക്രട്ടറി സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. സ്‌കൂട്ടറും സ്ഫോടക വസ്‌തുവും തരപ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യുന്നത്.