തിരുവനന്തപുരം; കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയപ്പോൾ പ്രതിക്കൂട്ടിലാകുന്നത് എം.പിമാരായ കെ.മുരളീധരനും അടൂര്‍ പ്രകാശുമാണ്. ഇരുവരും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടിടത്തും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തങ്ങള്‍ ഒഴിയുന്ന മണ്ഡലങ്ങള്‍ നിലനിര്‍ത്തുക എന്ന ബാധ്യത ഏറ്റെടുക്കുന്നതിനു പകരം ആദ്യം മുതലേ സ്ഥാനാര്‍ഥികളെ ചൊല്ലി കെ.പി.സി.സി നേതൃത്വവുമായി ഇടയുന്ന നിലപാടാണ് മുരളീധരനും അടൂര്‍ പ്രകാശും സ്വീകരിച്ചത്.
വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറിപ്പിന് വേണ്ടി മുരളീധരനും കോന്നിയില്‍ റോബിന്‍ പീറ്റര്‍ക്കു വേണ്ടി അടൂര്‍ പ്രകാശും രംഗത്ത് വന്നതോടെ ഒരു ഘട്ടത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം പോലും പ്രതിസന്ധിയിലായി. കോന്നിയില്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം അടൂര്‍ പ്രകാശിന് ആയിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മുന്നറിയിപ്പ് നല്‍കേണ്ടിയും വന്നു. തുടര്‍ന്ന് നേതൃത്വം ഇരുവരുമായി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥികളെ അംഗീകരിക്കാനും പ്രചരണത്തിന് ഇറങ്ങാനും തയ്യാറായത്. വട്ടിയൂര്‍ക്കാവില്‍ താന്‍ മത്സരിക്കുമ്പോള്‍ പ്രചരണത്തിന് ആരും വന്നില്ലെന്നും അതുകൊണ്ട് താന്‍ ഇല്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടാണ് ആദ്യഘട്ടത്തില്‍ കെ. മുരളീധരന്‍ സ്വീകരിച്ചത്. അവസാന ഘട്ടത്തില്‍ മുരളീധരൻ സജീവമായി രംഗത്ത് ഇറങ്ങിയെങ്കിലും അത് ഗുണം ചെയ്തില്ല.
കെ.മോഹന്‍കുമാറിനെയും മോഹന്‍രാജിനെയും പോലെയുള്ള മികച്ച സ്ഥാനാര്‍ഥികളെ രംഗത്ത് ഇറക്കിയിട്ടും കനത്ത പരാജയത്തിലേക്ക് പോയത് അടൂര്‍ പ്രകാശിന്‍റെയും മുരളീധരന്‍റെയും സമീപനത്തെത്തുടര്‍ന്നാണ് എന്ന വിമര്‍ശനം പാര്‍ട്ടിക്കകത്തു നിന്നു തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഫലം വന്ന ശേഷം പ്രതികരിക്കാനും ഇരുവരും തയ്യാറായിട്ടില്ല. മുരളീധരനും അടൂര്‍ പ്രകാശും മാധ്യമങ്ങൾക്ക് മുന്നിലെത്താതെ മാറി നില്‍ക്കുകയാണ്. പ്രവര്‍ത്തകരുടെ രോഷം ഭയന്ന് ഇരുവരും മാറിനില്‍ക്കുന്നുവെന്നതാണ് സൂചന.