തിരുവനന്തപുരം: പൊലീസ് സേനയിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിയ്‌ക്കുമെന്ന് പുതുതായി ചുമതലയേറ്റ സംസ്ഥാന പൊലീസ് മേധാവി വൈ അനില്‍കാന്ത്. ക്രിമനലുകളായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിയ്ക്കും. അതോടൊപ്പം ഇത്തരം ഉദ്യോഗസ്ഥര്‍ സ്ഥിരമായി ക്രമസമാധാന ചുമതലകളില്‍ വരുന്നത് പരിശോധിയ്ക്കും. ഇവരുടെ പേരില്‍ നിലനില്‍ക്കുന്ന അച്ചടക്ക നടപടിയുള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ലൂടൂത്തില്‍ സംസാരിച്ചാലും നടപടി
വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്തിലൂടെ സംസാരിച്ചാലും പൊലീസ് കേസെടുക്കുമെന്ന് ഡിജിപി വൈ അനില്‍കാന്ത് അറിയിച്ചു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമാണ്. ഇത് വാഹനമോടിക്കുന്നവരുടെ ശ്രദ്ധ മാറുന്നതിന് കാരണമാകുകയും അപകടത്തിനിടയാക്കുകയും ചെയ്യും. ഇതു സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പൊലീസ് പ്രത്യേക പ്രാധാന്യം നല്‍കുമെന്നും ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്രോണ്‍ നിരീക്ഷണത്തിനായി ഇന്‍സ്‌റ്റിറ്റ്യൂട്ട്
ജമ്മു കശ്‌മീരിലെ ഡ്രോണ്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഡ്രോണ്‍ നിരീക്ഷണത്തിനായി ഒരു ഡ്രോണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് സ്ഥാപിക്കുമെന്ന് അനില്‍കാന്ത് അറിയിച്ചു. സൈബര്‍ ഡോമിന്‍റെ ഭാഗമായിട്ടായിരിക്കും ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.
ഹവാല, സ്വര്‍ണം കള്ളക്കടത്ത് സംഭവങ്ങള്‍ തടയാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഐഎസ് തീവ്രവാദ സംഘടനയുടെ സ്ളീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ലോക്‌നാഥ് ബെഹ്റയുടെ അഭിപ്രായം കണക്കിലെടുത്ത് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: അനില്‍കാന്ത് സ്ഥാനമേറ്റു; സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവി