തിരുവനന്തപുരം: പാറശാലയിൽ 24 വയസുകാരിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിരയാക്കി നഗ്നചിത്രങ്ങൾ പകർത്തിയതായി പരാതി. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട യുവതിയെ കാമുകന്‍ ബന്ധു വീട്ടിൽ എത്തിച്ച് ക്രൂരമായി മർദിച്ചെന്നും പരാതിയിൽ പറയുന്നു. പാറശാല ധനുവച്ചപുരം സ്വദേശിനിയാണ് പരാതിക്കാരി.
മഞ്ചവിളാകം സ്വദേശിയായ യുവാവിനെ മൂന്നു വർഷങ്ങൾക്കു മുമ്പാണ് യുവതി പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവതിയെ നിരവധി തവണ പലയിടങ്ങളിൽ എത്തിച്ച് ശാരീരികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് നഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തെന്ന് യുവതി പറയുന്നു.
പീഡന വിവരം വീട്ടിൽ അറിഞ്ഞതിനെ തുടർന്ന് യുവതി തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബന്ധുവീട്ടിൽ എത്തിച്ച യുവതിയെ ബന്ധുക്കളുടെ സഹായത്തോടെ യുവാവ് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവം അറിയിച്ചെങ്കിലും മാരായമുട്ടം പൊലീസോ പാറശാല സി.ഐയോ കേസെടുക്കാന്‍ തയ്യാറായില്ല. തുടർന്ന് വീട്ടിലെത്തിയ യുവതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.