പാലക്കാട്: ജില്ലാ ആശുപത്രിയിൽ നവീകരിച്ച ജാലക മോർച്ചറി, സർജിക്കൽ ഐ.സി.യു എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ ചിലവഴിച്ചാണ് മോർച്ചറി സജ്ജീകരിച്ചിരിക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പുറത്തുനിന്ന് ആളുകൾക്ക് മൃതദേഹം കാണാവുന്ന വിധത്തിലാണ് ജാലക മോർച്ചറി ഒരുക്കിയിട്ടുള്ളത്. ഇവിടെ ഒരേസമയം 16 മൃതദേഹങ്ങൾ സൂക്ഷിക്കാനാകും.
കൂടുതൽ ഐ.സി.യു ബെഡ്ഡുകൾ ആവശ്യമായി വരുന്ന സാഹചര്യം കണക്കിലെടുത്താണ് 24 ബെഡ്ഡുകളുള്ള മെഡിക്കൽ ആൻഡ് സർജിക്കൽ ഐ.സി.യു യൂണിറ്റ് ജില്ലാ ആശുപത്രിയിൽ സജ്ജമാക്കിയത്. ഇവിടേക്ക് വേണ്ട കട്ടിലുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കെ.എസ്.ഇ.ബി ഫണ്ടിൽ നിന്നും ജില്ലാ കലക്ടർ മുഖേനയാണ് ലഭ്യമാക്കിയത്. വൈദ്യുതി പ്രവർത്തനങ്ങൾക്ക് ഗെയിൽ കമ്പനി ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും മറ്റു അനുബന്ധ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്തിൽ നിന്നും 35 ലക്ഷം രൂപയും ലഭ്യമായിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്.