പാലക്കാട് : അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളമില്ല. ആശുപത്രിയിൽ എച്ച്എംസി വഴി തെരഞ്ഞെടുത്ത 140 താല്‍ക്കാലിക ജീവനക്കാർക്കാണ് മൂന്ന് മാസം പിന്നിട്ടിട്ടും വേതനം ലഭിക്കാത്തത്. ഇതിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിലുള്ളവരാണ്. കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്കും ശമ്പളം ലഭിച്ചിട്ട് നാളുകളായി.
ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം
172 കിടക്കകളുള്ള ഈ ആശുപത്രിയെയാണ് അട്ടപ്പാടിയിലെ ഭൂരിഭാഗം ജനങ്ങളും ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. 'കായകൽപ്പ', 'എൻക്യുഎഎസ്', 'കാഷ്', 'ലക്ഷ്യ' തുടങ്ങി നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ആശുപത്രിയിലാണ് ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യം.
2017 മെയ് 27ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ആശുപത്രിയെ 100 കിടക്കകളായി ഉയർത്തിക്കൊണ്ടുള്ള ഉദ്ഘാടനം നടത്തിയെങ്കിലും നാളിതുവരെ ഇതിനനുസൃതമായ സ്റ്റാഫ് പാറ്റേണോ ഇതുസംബന്ധിച്ച ഉത്തരവുകളോ ഇറങ്ങിയിട്ടില്ല. ആശുപത്രിയുടെ ആരംഭ കാലത്തുള്ള 54 കിടക്കകൾക്കനുസൃതമായ തസ്‌തികകളാണ് ഇപ്പോഴും ഇവിടെയുള്ളത്.
ഫണ്ടില്ലെന്ന വിശദീകരണവുമായി അധികൃതര്‍
ആകെ 325 ജീവനക്കാരുള്ള ഇവിടെ 69 പേര്‍ മാത്രമാണ് പിഎസ്‌സി വഴി നിയമിതരായത്. എച്ച്എംസി ജീവനക്കാർക്ക് ശമ്പളം നൽകാനാവശ്യമായ ഫണ്ടില്ലെന്നും 1.79 ലക്ഷം രൂപ വിവിധ പദ്ധതികളില്‍ നിന്നായി ലഭിക്കാനുണ്ടെന്നും ഇവ കിട്ടുന്ന മുറയ്ക്ക് മാത്രമേ ശമ്പളം നൽകാനാകൂ എന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Also read: മാനസയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു