പാലക്കാട്: പ്രവാസി കോണ്‍ഗ്രസ് സ്ംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് മൈനോറിറ്റി സെല്‍ പാലക്കാട് ജില്ലാ സെക്രട്ടറിയുമായ നാസർ മറുകര, നാസർ മോളൂർ,സക്കീര്‍ മോളൂര്‍, നെല്ലായ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി സി വി മുരളീധരന്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി ചെര്‍പ്പുളശ്ശേരിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പിടിപ്പുകേടും സംഘടന പൂര്‍ണമായും മുസ്ലിംലീഗിനു വഴങ്ങിയെന്നും ജമാഅത്തെ ഇസ്ലാമിയുമായുള്ള കോണ്‍ഗ്രസ് ബന്ധവും ആര്‍എസ് എസുമായി തെരഞ്ഞെടുപ്പിലടക്കം നടത്തുന്ന നീക്കുപോക്കുമാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ കാരണമായതെന്ന് അവർ പറഞ്ഞു. വികസന വെട്ടം തെളിയിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ ഇന്നത്തെ സാഹചര്യത്തില്‍ പിന്തുണക്കേണ്ടത് ആവശ്യമായതുമാണ് തങ്ങളുടെ രാജിക്കു കാരണമെന്നും വരും ദിവസങ്ങളില്‍ പാർട്ടിയിൽ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുമെന്നും ഇവര്‍ അറിയിച്ചു.