പാലക്കാട്: യുക്രൈനിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് യുക്രൈനിൽ കുടങ്ങിയ എംബിബിഎസ് വിദ്യാർഥി സോനു സുമോദിന്‍റെ കുടുംബം. യുക്രൈനിലെ സ്റ്റാഫോറേഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് സോനു.
കെ ശാന്തകുമാരി എംഎൽഎ മുഖേന മുഖ്യമന്ത്രിയോട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. യുക്രൈനിലെ സ്ഥിതി അറിയാനും മലയാളി വിദ്യാർഥികളുൾപ്പെടെയുള്ളവരെ നാട്ടിലെത്തിക്കുമെന്ന ഉറപ്പും ലഭിച്ചതിനാൽ ഇപ്പോൾ ആശങ്കയില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.
2021 ജനുവരിയിലാണ് സോനു മെഡിക്കൽ പ്രവേശനം നേടി യുക്രൈനിലേക്ക് പോയത്. ഒന്നാം വർഷ പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് വരാനിരിക്കെയാണ് ഉക്രെയ്‌ൻ കലുഷിതമായത്. ഇക്കഴിഞ്ഞ രണ്ടാഴ്‌ചക്കാലമായി യുക്രൈനിലെ പ്രതിസന്ധിയെ സംബന്ധിച്ച് നേരത്തേ തന്നെ മകൻ ഫോണിൽ സംസാരിച്ചിരുന്നുവെന്നും എന്നാൽ ഇത്ര വലിയൊരു സംഘർഷ സ്ഥിതി പ്രതീക്ഷിച്ചിരുന്നില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
യുദ്ധ ഭീതിയിൽ ഈ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കുട്ടികളോട് ഹോസ്റ്റൽ ഒഴിയാനും ബാങ്കറിലേക്ക് മാറാനും അധികൃതർ നിർദേശിച്ചിരുന്നുവെന്നും തുടർന്ന് മുഴുവൻ വിദ്യാർഥികളും താമസം മാറിയിരുന്നുവെന്നും സോനുവിന്‍റെ അമ്മ ഷൈനി പറഞ്ഞു. നെറ്റ് കിട്ടാറില്ലെന്നും എന്നാൽ ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നും ഷൈനി പറഞ്ഞു.
യുദ്ധ ഭീതിയിൽ നെന്മാറ സ്വദേശിയും
അതേസമയം യുക്രൈനിൽ യുദ്ധ ഭീതിയിൽ നെന്മാറ സ്വദേശിയായ വിദ്യാർഥിയും. അഞ്ചാം വര്‍ഷ മെഡിക്കൽ വിദ്യാര്‍ഥിയായ കണിമംഗലം റോഡ് ഹരിത നഗറില്‍ ജോയ് കാഞ്ഞിരത്തിന്‍ ചാലിന്‍റെ മകന്‍ തോംസണ്‍ ജോയ് ആണ് ആശങ്കയില്‍ കഴിയുന്നത്. റഷ്യയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെ സുമിയിലാണ് തോംസന്‍റെ പഠനവും താമസവും.
യുദ്ധം ആരംഭിക്കുന്നതിനുമുമ്പ് തിരിച്ചുവരാൻ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. താമസസ്ഥലത്ത് നിന്ന് എയര്‍പോര്‍ട്ടിലേക്ക് എത്താൻ അഞ്ച് മണിക്കൂര്‍ യാത്ര ചെയ്യണം. ഹോസ്റ്റലില്‍ കഴിയുന്ന ഇവരോട് സൈറണ്‍ മുഴങ്ങിയാല്‍ ബങ്കറുകളിലേക്ക് മാറാനാണ് നിര്‍ദേശം.
ALSO READ: 'സമാധാനശ്രമത്തിന് മുന്നിലുണ്ട്, യുദ്ധം അവസാനിപ്പിക്കണം': ഇന്ത്യ
പ്രദേശത്തെ 250 ഇന്ത്യക്കാരില്‍ കൂടുതലും മലയാളികളാണ്. സൈറണ്‍ മുഴങ്ങുന്നതും കാത്ത് ഉറക്കമൊഴിച്ച് ഭീതിയോടെ കഴിയുകയാണവര്‍. വീട്ടുകാരുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും കൂടെയുള്ള കുട്ടികളും എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണെന്ന് തോംസണ്‍ അറിയിച്ചുവെന്ന് വീട്ടുകാര്‍ പറഞ്ഞു.