പാലക്കാട്: പട്ടാമ്പിക്ക് സമീപം ഓങ്ങല്ലൂരിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം. അടുക്കളയിലെ ഗ്യാസിൽ നിന്നുമുണ്ടായ വാതക ചർച്ചയാണ് അപകടകാരണം. സംഭവത്തിൽ വീട് ഭാഗികമായി തകർന്നു. ഓങ്ങല്ലൂർ നമ്പാടം കോളനിയിലെ ചുങ്കത്ത് നബീസയുടെ വീട്ടില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്.
നബീസക്കും മക്കളായ ഷാജഹാൻ, ബാദുഷ, സാബിറ എന്നിവർക്കുമാണ് പൊള്ളലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജഹാന്‍റെയും ബാദുഷയുടെയും നില ഗുരുതരമാണ്. ഗ്യാസ് ലീക്കായി വീട് മുഴുവൻ നിറഞ്ഞിരുന്നു. ഈ സമയം ലൈറ്റിടുകയോ മറ്റോ ചെയ്തപ്പോൾ തീപടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. ആസ്‌ബറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. വീട്ടിലെ സാധന സാമഗ്രികളും വാതിലുകളും തീപിടിത്തത്തിൽ നശിച്ചു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്ക് മാറ്റി. തുടർന്ന് ഷൊർണൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീയണച്ചു.