പാലക്കാട്: ഇരുപത്തിനാലു മണിക്കൂറിനിടെ ട്രെയിനിലും ബസിലുമായി ജില്ലയിലേക്ക് കടത്തിയ 50.5 കിലോ കഞ്ചാവുമായി രണ്ട് സംഘം പിടിയിൽ. ട്രെയിനിലെ സംഘത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും. ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നാണ് കഞ്ചാവ് കേരളത്തിലെത്തിയത്.
വ്യാഴാഴ്‌ച പകലാണ് ഷാലിമാർ തിരുവന്തപുരം എക്‌സ്‌പ്രസിൽ 27.5 കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ പാലക്കാട് ആർപിഎഫ് ക്രൈം ഇന്‍റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് പിടികൂടിയത്. ഒഡീഷ കോരപുട്ട് സ്വദേശി ഉത്തം പത്ര (32), ഇയാളുടെ സുഹൃത്ത് ഒഡീഷ മൽക്കാൻഗിരി സ്വദേശി കമാലി ക്രിസാനി (24), 15 വയസുള്ള പെൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്.
റിസർവേഷൻ കമ്പാർട്ട്മെന്‍റില്‍ യാത്ര ചെയ്‌ത ഇവർ നാലു ബാഗുകളിലായാണ് 15 ലക്ഷം രൂപ വില മതിക്കുന്ന കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. കുടുംബമാണെന്ന് തോന്നിപ്പിക്കാനാണ് ഇവർ പെൺകുട്ടിയുമായി യാത്ര ചെയ്‌തത്. ഒഡീഷ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് കേരളത്തിൽ വിൽപ്പന നടത്തിയശേഷം വിമാനമാർഗം തിരികെ പോകുന്നതാണ് ഇവരുടെ രീതി. ഇവർ നേരത്തേയും കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.
ബുധനാഴ്‌ച രാത്രി 9.30നാണ് വാളയാറിൽ കെഎസ്‌ആർടിസി ബസിൽ കടത്തിയ 23 കിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തത്. മലപ്പുറം വളാഞ്ചേരി കൂട്ടിലങ്ങാടി സ്വദേശി അനൂപ് (34), തമിഴ്‌നാട് സേലം സ്വദേശി സൂര്യമുരുകൻ (20) എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന കഞ്ചാവ് സേലത്തും തുടർന്ന് മലപ്പുറം, കൊപ്പം, വളാഞ്ചേരി എന്നിവിടങ്ങളിലും ചെറിയ പൊതികളാക്കി വിൽക്കാന്‍ എത്തിച്ചതാണെന്നാണ് പ്രതികളുടെ മൊഴി. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ചാം തവണയാണ് വാളയാർ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ കഞ്ചാവ് പിടികൂടുന്നത്.
Also read: സംസ്ഥാനത്ത് വീണ്ടും ആസിഡ് ആക്രമണം; ആലപ്പുഴയിൽ ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു