പാലക്കാട്: ചിത്രംവര ജീവിതമാക്കി മാറ്റിയ ഒരു പെണ്‍കുട്ടിയുണ്ട് കൊപ്പം പ്രഭാപുരം തത്തനംപുള്ളിയിൽ. ഒന്നര വയസിൽ തുടങ്ങിയ ചിത്രംവര ഇന്ന് ഉപജീവന മാർഗമാക്കി മാറ്റുകയാണ് ഈ 22 കാരി. പോർട്രൈറ്റ് പെയിന്‍റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സ്നേഹ പ്രകൃതിയുടെ അവസ്ഥകളാണ് ചിത്രങ്ങളിൽ ആലേഖനം ചെയ്യുന്നത്. ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത സ്നേഹ ഇന്ന് ഇരുപതോളം പേര്‍ക്ക് ചിത്രം വരയില്‍ ഗുരുവാണ്. ഒന്നര വയസുമുതൽ വീട്ടിലെ ചുമരിൽ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയ സ്നേഹയുടെ ജീവിതത്തിന്‍റെ ഒരു ഭാഗമായി ഇന്ന് ചിത്രംവര മാറി. പ്ലസ് ടു വരെ പഠിച്ച സ്നേഹ പിന്നീട് പൂർണമായും ചിത്രരചനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അഞ്ച് വർഷത്തിനിടെ 1200ൽ അധികം ചിത്രങ്ങളാണ് സ്നേഹ വരച്ചത്.
പോർട്രൈറ്റ് ചിത്രങ്ങളാണ് സ്നേഹ പ്രധാനമായും വരയ്ക്കുന്നത്. ഇതിനായി വിദേശങ്ങളിൽ നിന്നടക്കം ആളുകൾ വാട്സാപ്പിലൂടെ ചിത്രങ്ങൾ അയച്ചുകൊടുക്കാറുണ്ട്. ആ ഫോട്ടോകൾ സ്നേഹ പേപ്പറിലേക്ക് പകർത്തി ആവശ്യക്കാർക്ക് കൊറിയർ വഴിയോ ഓൺലൈൻ വഴിയോ എത്തിച്ച് നല്‍കുന്നുണ്ട്. ഇതിനായി ഒരു ഓണ്‍ലൈന്‍ ഷോപ്പും സ്‌നേഹ ആരംഭിച്ചിട്ടുണ്ട്. അച്ഛൻ ജയരാജനും അമ്മ ജയശ്രീയും അനുജത്തി ശില്‍പയും സ്നേഹക്ക് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്.