മലപ്പുറം: നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് പെരകമണ്ണ സ്വദേശിയായ വെള്ളാട്ടുചോല അബ്ദുള്‍ റഷീദ് (47) ആണ് അറസ്റ്റിലായത്. വള്ളുവമ്പ്രത്തെ പെട്രോള്‍ പമ്പില്‍ നിന്നും അഞ്ച് ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ജൂണ്‍ അഞ്ചിന് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ സ്കൂട്ടര്‍ മോഷ്ടിച്ച് അതില്‍ കറങ്ങി നടന്ന് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു. പകല്‍ സമയങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ നിരീക്ഷിക്കുകയും രാത്രി കാലങ്ങളില്‍ അവിടെ എത്തി മോഷണം നടത്തുകയും ചെയ്യുകയാണ് പ്രതിയുടെ രീതി.
കൂടുതല്‍ വായനക്ക്: മലപ്പുറത്ത് പെട്രോൾ പമ്പിൽ മോഷണം; ഏഴ് ലക്ഷം രൂപ നഷ്‌ടപ്പെട്ടുവെന്ന് പരാതി
വള്ളുവമ്പ്രത്ത് കഴിഞ്ഞ ജൂലൈ ഒന്നാം തിയതിയായിരുന്നു മോഷണം. പമ്പ് ജീവനക്കാരെ മുറികള്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം. പമ്പ് ഓഫീസിന്‍റെ ഗ്ലാസ് വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. അന്വേഷണ സംഘം ദിവസങ്ങളായി റഷീദിനെ നിരീക്ഷിച്ച് വരികയായിരുന്നു.
പ്രതിയെ ഇന്ന് പുലര്‍ച്ചെ മഞ്ചേരിയില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഊട്ടിയിലാണ് ഇയാളുടെ ഭാര്യ വീട്. മോഷണം നടത്തി കിട്ടുന്ന പണവുമായി നാട് വിടുന്ന പ്രതി അടിക്കടി മൊബൈല്‍ നമ്പര്‍ മാറ്റുക പതിവായിരുന്നു. ജില്ലക്കകത്തും പുറത്തുമായി നൂറിലധികം കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജനല്‍ വഴി സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ മോഷിക്കുന്നതാണ് ഇയാളുടെ പതിവ് രീതി.