മലപ്പുറം: നിലമ്പൂരില്‍ ഫുട്‌ബോള്‍ വാങ്ങാന്‍ മീറ്റിങ് കൂടി സമൂഹമാധ്യമങ്ങളില്‍ വൈറലായ കുട്ടികള്‍ ഇനി സിനിമയിലേക്ക്. സിനിമാ താരം അഞ്ജലി നായര്‍ നിര്‍മിക്കുന്ന മൈതാനം എന്ന ചിത്രത്തിലേക്കാണ് പതിമൂന്ന് കുട്ടികളെ തെരഞ്ഞെടുത്തിരിക്കുന്നത്. സിനിമയിലും ഫുട്‌ബോൾ കളിക്കാരായിട്ടായിരിക്കും കുട്ടികൾ അഭിനയിക്കുക.
നിലമ്പൂരിൽ പതിമൂന്ന് കുട്ടികൾ ചേർന്ന് ഫുട്ബോളും ജേഴ്സിയും വാങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മീറ്റിങ് കൂടുന്ന ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സൗജന്യമായി ഇവർക്കു ഫുട്ബോൾ നൽകിയും ഫുട്ബോൾ ക്യാമ്പുകളിലേക്കു ക്ഷണിച്ചും നിരവധി ആളുകളും സംഘടനകളുമാണ് പിന്നാലെ രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് കുട്ടികള്‍ക്ക് സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്.
അൽത്താഫ് അൻസാർ എന്ന പന്ത്രണ്ടു വയസുകാരൻ സ്വന്തം വാപ്പച്ചിയോട് കഥ പോലെ പറഞ്ഞ സംഭവമാണ് മൈതാനം എന്ന പേരിൽ സിനിമയാകുന്നത്. ആവ്നി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഞ്ജലി നായർ നിർമ്മിച്ച് അൻസർ താജുദ്ദീൻ ആണ് തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്നത്.