മലപ്പുറം: തെന്നലയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റിലായ പതിനെട്ടുകാരന്‍റെ ഡിഎൻഎ പരിശോധനാഫലം നെഗറ്റീവായതോടെയാണ് കേസിൽ വഴിത്തിരിവായത്.
ഡിഎൻഎ പരിശോധന ഫലം നെഗറ്റീവായതിനാൽ മാത്രം ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. പെൺകുട്ടി ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്ന് മാത്രമേ ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളൂ. പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥിനെതിരെ കേസ് നിലനിൽക്കുമെന്നും പൊലീസ് വിശദീകരിക്കുന്നു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയെന്ന പരാതിയിൽ അറസ്റ്റിലായ തെന്നല സ്വദേശി ശ്രീനാഥ് കുറ്റം നിഷേധിച്ചിരുന്നെങ്കിലും പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് പൊലീസ് അന്വേഷണവും തെളിവെടുപ്പും മുന്നോട്ടുകൊണ്ടുപോയത്. പെൺകുട്ടിയുടെ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഡിഎൻഎ പരിശോധന ഫലം ലഭിച്ചതോടെ പെൺകുട്ടി നല്‍കിയ മൊഴി പരിഗണിച്ച ശ്രീനാഥിനെ മാത്രം പ്രതിയാക്കിയത് പൊലീസിന് തിരിച്ചടിയായി. അതേസമയം, പെൺകുട്ടി കൗൺസിലിങില്‍ നൽകുന്ന വിവരങ്ങൾ തുടരന്വേഷണത്തിന് കേസിൽ നിർണായകമാകും.
Read more: ഡിഎൻഎ പരിശോധനയാവശ്യപ്പെട്ടത് തെറ്റുകാരനല്ലാത്തതിനാൽ : ജയിൽമോചിതനായതിന് പിന്നാലെ ശ്രീനാഥ്