മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 497 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. കുടുംബസമേതം ജിദ്ദയിൽ നിന്നും കരിപ്പൂരിൽ എത്തിയ മലപ്പുറം സ്വദേശി അബൂബക്കർ സിദ്ധിഖ് ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇലക്ട്രോണിക് സ്റ്റീമറിനുള്ളിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
പ്രാഥമിക പരിശോധനയിൽ സ്റ്റീമറിന് അസാധാരണ ഭാരം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും നടത്തിയ പരിശോധനയിൽ ആണ് സ്വർണം കണ്ടെത്തിയത്. അതേസമയം അബൂബക്കർ സിദ്ധിഖിന് ഒപ്പം ഉണ്ടായിരുന്ന ഭാര്യക്ക് സ്വർണം കടത്തുന്നതിനെ കുറിച്ച് അറിയില്ലായിരുന്നു എന്ന് കസ്റ്റംസ് അറിയിച്ചു.
ഇന്ന്(27.08.2022) രാവിലെയും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണവും വിദേശ കറൻസിയും പിടികൂടിയിരുന്നു. ഷാർജയിൽ നിന്ന് കരിപ്പൂരിൽ എത്തിയ കോഴിക്കോട് വാവാട് സ്വദേശിയില്‍ നിന്നാണ് സ്വർണം പിടികൂടിയത്. 8.99 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം ധരിച്ചിരുന്ന പാന്‍റിൽ ഒട്ടിച്ചു ചേർത്താണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
READ MORE: കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി
ദുബായിൽ പോവാനായി കരിപ്പൂരിൽ എത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ മുജീബ് റഹ്മാൻ എന്ന യാത്രക്കാരനിൽ നിന്നാണ് വിദേശ കറൻസി പിടികൂടിയത്. 51,10361 രൂപയുടെ മൂല്യമുള്ള കറൻസികളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.